കുമ്മനത്തിനെതിരെ ആവശ്യമെങ്കില്‍ കേസെടുക്കുമെന്ന് മുഖ്യമന്ത്രിതിരുവനന്തപുരം: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ കൊന്നതിന് സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തിയെന്ന തരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പുറത്തുവിട്ട വീഡിയോയെക്കുറിച്ച് അദ്ദേഹം വിശദീകരിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. ഇല്ലാത്ത കാര്യം ഉണ്ടെന്ന് പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും കുമ്മനത്തിനെതിരെ ആവശ്യമെങ്കില്‍ കേസെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കണ്ണൂരില്‍ പ്രത്യേക സൈനികാവകാശ നിയമം (അഫ്‌സ്പ ) നടപ്പാക്കേണ്ട ആവശ്യമില്ലെന്നും സംസ്ഥാനത്ത് കേന്ദ്ര ഇടപെടലുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണര്‍ക്കെതിരായ ബിജെപിയുടെ നീക്കം ജനാധിപത്യ വിരുദ്ധമാണ്. ഗവര്‍ണര്‍ ചെയ്തതത് ഭരണഘടനനാപരമായ ബാധ്യതയാണ്. അതിന്റെ പേരില്‍ ബിജെപി ഗവര്‍ണര്‍ക്കെതിരെ തിരിയുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ല. ഇത് ഫാസിസ്റ്റ് നയമാണ്. ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്ന വിധത്തിലുള്ള ആരോപണത്തില്‍ ബിജെപി മാപ്പു പറയണം. ജനാധിപത്യ സമൂഹത്തിനു ചേരാത്ത നിലപാടാണിത്. ഭരണഘടനാ ചുമതലയാണ് ഗവര്‍ണര്‍ നിറവേറ്റിയത്. ഗവര്‍ണറുടെ പ്രവൃത്തികള്‍ തങ്ങള്‍ക്കിഷ്ടമുള്ള രീതിയിലാകണമെന്ന ബിജെപിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അഫ്‌സ്പ പോലൊരു നിയമത്തിന്റെ ആവശ്യം കേരളത്തിലില്ല. ജനാധിപത്യവിരുദ്ധമായ നിയമമാണത്. ജനാധിപത്യബോധമുള്ളവര്‍ ഇത്തരം ആവശ്യം ഉന്നയിക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. മണിപ്പൂരിലെ അന്തരീക്ഷം ഇവിടെ ഉണ്ടാകണമെന്നാണ് ബിജെപി പറയുന്നത്. മണിപ്പൂരിലും മറ്റും ആ നിയമം നടപ്പിലാക്കിയത് മൂലമുണ്ടായ ദുരിതങ്ങളും ഇറോം ശര്‍മിള ഇതിനെതിരെ നടത്തിയ ഒറ്റയാള്‍ പോരാട്ടവും എല്ലാവരും കണ്ടതാണ്. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top