കുമ്മങ്കല്ല് ബിടിഎം സ്‌കൂളില്‍ ഇരട്ടകളെക്കൊണ്ട് 'കണ്‍ഫ്യൂഷന്‍'തൊടുപുഴ: തൊടുപുഴ കുമ്മംകല്ല് ബിടിഎം എല്‍പി സ്‌കൂളിലെ  പ്രവേശനോല്‍സവം കൗതുകം നിറഞ്ഞതായിരുന്നു.കാരണം ഇവിടെ അഞ്ച് ജോഡി ഇരട്ടകളാണ് എത്തിച്ചേര്‍ന്നത്. പ്രീപ്രൈമറി ക്ലാസിലെ അധ്യാപകരാണ് ആകെ 'പ്രശ്‌നത്തിലായത്'.അഞ്ചു ജോഡി ഇരട്ടകളാണ് ക്ലാസില്‍ വന്നു ചേര്‍ന്നിരിക്കുന്നത്. ഇരട്ടകളെ തേടിപ്പിടിച്ച് സ്‌കൂളില്‍ എത്തിച്ചതല്ല യാദൃശ്ചികമായി സംഭവിച്ചതാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചിരുന്നു. കൂടുതല്‍ കുട്ടികളെ സ്‌കൂളില്‍ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിനിടെയാണ് യാദൃശ്ചികമായി അഞ്ചു ജോഡി ഇരട്ട കുട്ടികള്‍ പ്രീപ്രൈമറിയില്‍ ചേരാന്‍ എത്തിയത്. എം എ ആഹില്‍, എം എ ആമില്‍, ദേവനന്ദന, ദേവികാനന്ദന, അര്‍ഷിത മിന്നത്ത്, അന്‍ഷിത മിന്നത്ത്, ആലിയ എം ഹാരിസ്, അഫിയ എം ഹാരിസ്, അനീന അനസ്, അന്‍സാനിയ അനസ് എന്നിവരാണ് സ്‌കൂളിന്റെ കൗതുകങ്ങള്‍. പുതിയ അധ്യയന വര്‍ഷംചേര്‍ന്ന 27 പേര്‍ ഉള്‍പ്പെടെ 40 പേരാണ് പ്രീ-പ്രൈമറിയില്‍ ഉള്ളത്. എല്‍പി സെക്ഷനില്‍ ആകെ 75 കുട്ടികളുണ്ട്. ഇരട്ടകളെ അടുത്തടുത്ത സീറ്റുകളില്‍ ഇരുത്തിയാല്‍ ഉണ്ടായേക്കാവുന്ന 'കണ്‍ഫ്യൂഷന്‍' അധ്യാപകരെ അലട്ടുന്നുണ്ടെങ്കിലും അവര്‍സൗകര്യപ്രദമായ രീതിയില്‍ ഇരിക്കട്ടെയെന്ന നിലപാടിലാണവര്‍. ഏതാനും ദിവസത്തിനുള്ളില്‍ ഇരട്ടകളെ തിരിച്ചറിയാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അധ്യാപകര്‍.

RELATED STORIES

Share it
Top