കുമ്പസാര രഹസ്യത്തിന്റെ മറവില്‍ പീഡനം: ഒളിവിലുള്ള വൈദികര്‍ക്കായി തിരച്ചില്‍ ഊര്‍ജിതം; കീഴടങ്ങാന്‍ സമ്മര്‍ദമേറി

പത്തനംതിട്ട: കുമ്പസാര രഹസ്യത്തിന്റെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒളിവിലുള്ള ഓര്‍ത്തഡോക്‌സ് സഭയിലെ രണ്ടു വൈദികര്‍ക്കായി അന്വേഷണസംഘം തിരച്ചില്‍ ഊ ര്‍ജിതമാക്കി. മറ്റു രണ്ടുപേര്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ഒളിവിലുള്ളവര്‍ കീഴടങ്ങാനായി കടുത്ത നടപടികളുമായി അന്വേഷണസംഘം നീങ്ങുകയാണ്. ഒളിവിലുള്ള ഒന്നാംപ്രതി ഫാ. എബ്രഹാം വര്‍ഗീസിസ്, നാലാംപ്രതി ഫാ. ജെയ്‌സ് കെ ജോര്‍ജ് എന്നിവരുടെ പാസ്‌പോര്‍ട്ടുകളും രേഖകളും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു. വിദേശത്തേക്ക് മുങ്ങാന്‍ സാധ്യതയുണ്ടെന്ന് മുന്നില്‍ക്കണ്ട് പ്രതികളെ സമ്മര്‍ദത്തിലാക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്തത്. വൈദികരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ ഉ ള്‍പ്പെടെ വ്യാപക തിരച്ചില്‍ നടക്കുന്നുണ്ട്. ബന്ധുകളും സുഹൃത്തുക്കളും നിരീക്ഷണത്തിലുമാണ്. ഇവരുടെ ഫോണ്‍കോളുകളും പരിശോധിക്കുന്നുണ്ട്. എന്നാല്‍, ഇരുവരും കീഴടങ്ങില്ലെന്ന നിലപാടിലാണ്. ഇക്കാര്യം ഇരുവരുടെയും അഭിഭാഷകര്‍ അന്വേഷണസംഘത്തെ അറിയിച്ചുവെന്നാണ് സൂചന.
അതേസമയം, ഒന്നാംപ്രതി ഫാ. എബ്രഹാം വര്‍ഗീസ് സുപ്രിംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഇന്നലെ രാവിലെ പത്തരയോടെയാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസ് അടിയന്തരമായി വാദം കേള്‍ക്കുന്നതിന് അഭിഭാഷകര്‍ തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. ജാമ്യാപേക്ഷയില്‍ യുവതി മുമ്പ് തനിക്കെതിരേ ആരോപണം ഉന്നയിച്ചില്ലെന്നും യുവതി നല്‍കിയ സത്യവാങ്മൂലത്തില്‍ താന്‍ ബലാല്‍സംഗം ചെയ്തതായി പറയുന്നില്ലെന്നും ഫാ. എബ്രഹാം വര്‍ഗീസ് പറയുന്നു. ഇത് കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം പരിഗണിക്കണമെന്നാണ് ജാമ്യാപേക്ഷയിലെ ആവശ്യം. ഫാ. എബ്രഹാം വര്‍ഗീസ് 16ാം വയസ്സില്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി. നാലാംപ്രതി ഫാ. ജെയ്‌സ് കെ ജോര്‍ജും തിങ്കളാഴ്ച സുപ്രിംകോടതിയെ സമീപിക്കും. അതേസമയം, ഇരുവരുടെയും വീടുകളിലും ബന്ധുമിത്രാദികളുടെ വീടുകളിലും പരിശോധന നടത്തി വൈദികരെ സമ്മര്‍ദത്തിലാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
കേസിലെ രണ്ടാംപ്രതി ഫാ. ജോബ് മാത്യു കഴിഞ്ഞദിവസം കീഴടങ്ങിയതിനു പിന്നാലെ മൂന്നാം പ്രതി ഫാ. ജോണ്‍സണ്‍ വി മാത്യുവിനെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് സംഘത്തിന്റെ സമ്മര്‍ദവും പോലിസ് അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറാവണമെന്ന സഭയുടെ നിര്‍ദേശവും വന്നതോടെയാണ് ഫാ. ജോബ് മാത്യു കീഴടങ്ങിയത്. പ്രതികളായ വൈദികരെ കസ്റ്റഡിയിലെടുക്കണമെന്ന് വൈദികരുടെ ജാമ്യഹരജി തള്ളിക്കൊണ്ട് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു.
ഫാ. ജോണ്‍സണ്‍ വി മാത്യുവിന്റെ ജാമ്യഹരജി പരിഗണനയിലാണെങ്കിലും അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നുമില്ല. എന്നാല്‍, സുപ്രിംകോടതി വിധി വന്നതിനുശേഷമേ കീഴടങ്ങുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുകയുള്ളൂവെന്ന നിലപാടിലാണ് പിടിയിലാവാനുള്ള വൈദികര്‍. എന്നാല്‍, അറസ്റ്റിലാവാനുള്ള വൈദികരോടും എത്രയും പെട്ടെന്ന് കീഴടങ്ങാന്‍ ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടതായാണു വിവരം. ഇവര്‍ക്കു സംരക്ഷണം നല്‍കില്ലെന്നും സഭ വ്യക്തമാക്കിയിട്ടുണ്ട്. പിടികിട്ടാനുള്ള വൈദികരില്‍ ജെയ്‌സ് കെ ജോര്‍ജ് ഡല്‍ഹിയിലാണു പ്രവര്‍ത്തിക്കുന്നത്.

RELATED STORIES

Share it
Top