കുമ്പസാര രഹസ്യങ്ങള്‍ ഇനി രഹസ്യമായിരിക്കില്ല

മെല്‍ബണ്‍: ഇനി മുതല്‍ കുമ്പസാര രഹസ്യങ്ങള്‍ പോലിസിനെ അറിയിക്കണമെന്ന നിയമവുമായി ആസ്‌ത്രേലിയ. കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണു പുതിയ നിയമം. കുമ്പസാരത്തിലൂടെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അറിഞ്ഞാല്‍ വൈദികര്‍ ഉടന്‍ തന്നെ വിവരം പോലിസിനു കൈമാറണമെന്നാണു പുതിയ നിയമത്തില്‍ അനുശാസിക്കുന്നത്. ക്രൈസ്തവ മതസ്ഥാപനങ്ങളില്‍ കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികപീഡനം അനിയന്ത്രിതമായി വര്‍ധിക്കുകയും അധികൃതര്‍ ഇവ മറച്ചുവയ്ക്കുകയും ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിച്ച റോയല്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ഇത്തരമൊരു നിയമത്തെക്കുറിച്ച് നിര്‍ദേശിച്ചിരുന്നു. വൈദികരുടെ നിര്‍ബന്ധിത ബ്രഹ്മചര്യവും കുമ്പസാര രഹസ്യങ്ങള്‍ പുറത്തു പറയാന്‍ പാടില്ല എന്ന വ്യവസ്ഥകളും മാറ്റണമെന്നാണു പ്രധാന നിര്‍ദേശം. വൈദികര്‍ക്കു പീഡനവിവരം കുമ്പസാരത്തിലൂടെ ലഭിക്കുകയും ഇത് പോലിസിനെ അറിയിക്കാതിരിക്കുകയും ചെയ്താല്‍ 10,000 ഡോളര്‍ വരെ പിഴയടയ്‌ക്കേണ്ടി വരും.  അതേസമയം, ഇത്തരമൊരു നിയമം കൊണ്ടുവരുന്നതിനെതിരേ ക്രൈസ്തവ മതവിശ്വാസികള്‍ ശക്തമായി മുന്നോട്ടു വന്നിട്ടുണ്ട്. ഇത് ക്രിസ്തുമതത്തിന്റെ നിയമങ്ങള്‍ക്കെതിരാണെന്നും കുമ്പസാര രഹസ്യം പുറത്തുപറയില്ലെന്നും കത്തോലിക്കാ പുരോഹിതന്‍മാര്‍ വ്യക്തമാക്കി. നിയമം അനുസരിക്കുന്നതിനേക്കാള്‍ നല്ലത് ജയിലാണെന്നും പുരോഹിതന്‍മാര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top