കുമ്പസാര രഹസ്യം ചോര്‍ത്തി പീഡനം: ഒരു പ്രതി കൂടി അറസ്റ്റില്‍

തിരുവല്ല: ഓര്‍ത്തഡോക്‌സ് സഭയിലെ നാലു വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ മൂന്നാംപ്രതിയെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇന്നലെ അറസ്റ്റ് ചെയ്തു. ഫാ. ജോണ്‍സണ്‍ വി മാത്യു (36) ആണ് അറസ്റ്റിലായത്. ഉച്ചയ്ക്ക് ഒന്നരയോടെ വൈദികന്റെ വീട്ടിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ പ്രതികളില്‍ രണ്ടുപേര്‍ ജയിലിലായി. രണ്ടാംപ്രതി ഫാ. ജോബ് മാത്യു കഴിഞ്ഞദിവസം കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസില്‍ കീഴടങ്ങിയിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ തിരുവല്ല ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തിച്ച ഫാ. ജോണ്‍സണ്‍ വി മാത്യുവിനെ ക്രൈംബ്രാഞ്ച് എസ്പി സാബു ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഒന്നരമണിക്കൂറോളം ചോദ്യം ചെയ്തു. പ്രതി കുറ്റസമ്മതം നടത്തിയതായാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. കാറിനുള്ളില്‍ വച്ചു ശല്യം ചെയ്തതായും അശ്ലീലച്ചുവയില്‍ സന്ദേശം അയച്ചതായുമാണ് പ്രതിക്കെതിരേ വീട്ടമ്മ നല്‍കിയ പരാതി. ചോദ്യംചെയ്യലിനുശേഷം പ്രതിയെ തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കുകയായിരുന്നു. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത കോടതി പ്രതിയെ പത്തനംതിട്ട സബ് ജയിലിലേക്കാണ് അയച്ചത്. പ്രതി മുന്‍കൂര്‍ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി പരിഗണിക്കുന്നതിനു മുമ്പ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഒന്നും നാലും പ്രതികളായ ഫാ. എബ്രഹാം വര്‍ഗീസ്, ഫാ. ജെയ്‌സ് കെ ജോര്‍ജ് എന്നിവര്‍ക്കായി അന്വേഷണ സംഘം തിരച്ചില്‍ തുടരുകയാണ്. ഇവര്‍ അടുത്ത തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യത്തിന് സുപ്രിംകോടതിയെ സമീപിക്കാനിരിക്കുകയാണ്. ഇതിനു മുമ്പായി ഇവരെയും അറസ്റ്റ് ചെയ്യാനാണ് നീക്കം.

RELATED STORIES

Share it
Top