കുമ്പസാര നിരോധന നീക്കം മതവിശ്വാസത്തിനെതിരെയുള്ള വെല്ലുവിളി: ഇന്ത്യന്‍ സോഷ്യല്‍ ഫോറംദമ്മാം: ക്രിസ്ത്യന്‍ മത വിശ്വാസികളുടെ ആരാധനയുടെ ഭാഗമായ കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ നിലപാട് രാജ്യത്തെ ക്രിസ്തുമത വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മത സ്വാതന്ത്ര്യത്തിനുമേല്‍ കൈവയ്ക്കാനുള്ള അജണ്ടയുടെ ഭാഗമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏതെങ്കിലുമൊരു വിഭാഗത്തിന്റെ വിശ്വാസങ്ങളിലും ആചാരങ്ങളിലും മാറ്റത്തിരുത്തലുകള്‍ ആവശ്യമെങ്കില്‍ അതാത് പണ്ഡിതന്മാരും നേതൃത്വങ്ങളും ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ട വിഷയമാണ്. ഫാഷിസ്റ്റ് സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളോട് തുടരുന്ന അതിക്രമങ്ങളുടെ ഭാഗമായിട്ടെ ഈ നീക്കത്തെ കാണാനാവൂ. വനിതാ കമ്മീഷന്റെ ഈ നിലപാടിനെതിരെ മതേതര വിശ്വാസികള്‍ പ്രതിഷേധിക്കുകയും സര്‍ക്കാര്‍ ഈ റിപോര്‍ട്ട് തള്ളിക്കളയുകയും ചെയ്യണമെന്ന് ഫോറം ആവശ്യപ്പെട്ടു. യോഗത്തില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മന്‍സൂര്‍ ആലംകോട് (പ്രസിഡന്റ്), അഹ്മദ് യൂസുഫ് കണ്ണൂര്‍ (ജ. സെക്രട്ടറി), ഷാജഹാന്‍ കൊല്ലം (വൈസ് പ്രസി.), മുജീബ് തിരുവനന്തപുരം (ജോ. സെക്രട്ടറി), സാദിഖ് പാങ്ങോട്, സിബിന്‍ തിരുവനന്തപുരം, നവാസ് കോട്ടയം (നിര്‍വാഹക സമിതി). ഫോറം സംസ്ഥാന സമിതിയംഗം അഷ്റഫ് മേപ്പയ്യൂര്‍, ഷെരീഫ് പുത്തന്‍പള്ളി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

RELATED STORIES

Share it
Top