കുമ്പസാരക്കൂട്ടിലേറുന്ന പൊതുബോധം

സി  എ  റഊഫ്

രാജസ്ഥാനില്‍ മുഹമ്മദ് അഹ്‌റാസുല്‍ നിഷ്ഠുരമായി കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഒന്നിലധികം മലയാള മാധ്യമപ്രവര്‍ത്തകര്‍ കുറ്റബോധത്തോടെ ഏറ്റുപറഞ്ഞ കാര്യങ്ങളിലൊന്നാണ് ലൗ ജിഹാദ് എന്ന നുണ പ്രചരിപ്പിച്ചുവെന്നത്. രാജ്യത്ത് മുഴുവന്‍ ലൗ ജിഹാദികള്‍ പടരുകയാണെന്നും ലൗ ജിഹാദിന്റെ പിടിയിലായ സഹോദരിമാരെ രക്ഷിക്കാന്‍ തന്റെ അഹിംസാജീവിതം അവസാനിപ്പിക്കുകയാണെന്നുമുള്ള സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച ശേഷമാണ് ആര്‍എസ്എസിന്റെ ഹിന്ദുത്വ ഭീകരതയില്‍ ആകൃഷ്ടനായ ശംഭുലാല്‍ റൈഗര്‍, മുഹമ്മദ് അഹ്‌റാസുലിനെ വെട്ടിക്കീറിയശേഷം കത്തിച്ചുകൊന്നത്. മേല്‍പറയപ്പെട്ട ഏതെങ്കിലും സംഭവവുമായി പശ്ചിമബംഗാള്‍ സ്വദേശിയായ അഫ്‌റാസുലിന് ബന്ധമുണ്ടായിരുന്നില്ല. കൂലിത്തൊഴിലാളിയായ അഫ്‌റാസുലിനെ ജോലിക്കു വിളിച്ചാണ് പിക്കാസുകൊണ്ട് കൊത്തിക്കീറിയശേഷം കരുതിവച്ച ഇന്ധനമൊഴിച്ച് കത്തിക്കുകയും അത് വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തത്. ഹിന്ദുത്വസംഘടനകള്‍ രാജ്യത്തു നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷത്തിന്റെ നുണപ്രചാരണം സാധാരണ ഹിന്ദുക്കളില്‍ വരെ എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്നും അതു പരമതവിദ്വേഷത്തിന്റെ അഗ്്‌നിയായി ആളിക്കത്തുന്നുവെന്നും രാജസ്ഥാന്‍ സംഭവം ഓര്‍മപ്പെടുത്തുന്നു. ഒരു സാധാരണ ഹിന്ദുവിനു പറ്റിയ കൈയബദ്ധമല്ല ശംഭുലാല്‍ ചെയ്ത ക്രൂരകൃത്യം. മുസ്‌ലിംകള്‍ പശുക്കളെ കൂട്ടമായി കൊന്നൊടുക്കുകയാണെന്നും ഇസ്‌ലാമിക ജിഹാദികള്‍ രാജ്യത്തെ ഹിന്ദുക്കളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ ഹിന്ദുസ്ത്രീകളില്‍ മുസ്‌ലിം ബീജം വളര്‍ത്തുകയാണെന്നുമുള്ള ഹിന്ദുത്വരുടെ പ്രചാരണങ്ങള്‍ ശംഭുലാലില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അയാള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ഇതു തുറന്നുപറഞ്ഞിട്ടുമുണ്ട്. പരമതവിദ്വേഷം ആളിക്കത്തിച്ചു മാത്രമേ തങ്ങളുടെ രാഷ്ട്രീയ മേല്‍ക്കോയ്മ ഇന്ത്യയില്‍ സ്ഥാപിക്കാനാവൂ എന്ന ആര്‍എസ്എസിന്റെ നീചതന്ത്രം നമ്മുടെ രാജ്യത്തെ ജനങ്ങളില്‍ ഉണ്ടാക്കുന്ന അപകടകരമായ വര്‍ഗീയഭ്രാന്ത് ഗൗരവത്തില്‍ ചര്‍ച്ചചെയ്യേണ്ടതാണ്. ഈ കള്ളപ്രചാരണങ്ങളുടെ പ്രധാന കേന്ദ്രം കേരളമാണെന്നു കൂടി തിരിച്ചറിയണം. 2009ല്‍ കേരളത്തില്‍ നിന്നാണ് ലൗ ജിഹാദ് പ്രചാരണം ആദ്യമായി ആരംഭിക്കുന്നത്. തീവ്രഹിന്ദുത്വ സംഘടനകള്‍ ഭാവനയില്‍ മെനഞ്ഞെടുത്ത കഥകള്‍ യഥാര്‍ഥമെന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുകയായിരുന്നു. സനാതന്‍ സന്‍സ്ഥയുടെ വെബ്‌സൈറ്റിലും ഹൈന്ദവകേരളം സൈറ്റിലും പ്രസിദ്ധീകരിച്ച കല്ലുവച്ച നുണ പിന്നീട് കേരളത്തിലെ മേല്‍ക്കോയ്മാ മാധ്യമങ്ങള്‍ ഏറ്റെടുത്തു. പണവും മൊബൈലും നല്‍കി ഹിന്ദു പെണ്‍കുട്ടികളെ പ്രണയിക്കുന്നുവെന്നും അവരെ മതംമാറ്റി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നുമുള്ള പ്രചാരണം ക്രിസ്ത്യന്‍ സഭകള്‍ വരെ ഏറ്റെടുത്തു. അതിലെ സ്ത്രീവിരുദ്ധതയോ ബുദ്ധിശൂന്യതയോ അന്ധമായ മുസ്‌ലിംവിരോധത്താല്‍ കാണാതെ പോയി. മലയാള മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ആഴ്ചയോളം നീണ്ട പരമ്പര തന്നെ ഈ നുണ പ്രചാരണത്തെ സ്ഥാപിക്കാന്‍ പ്രസിദ്ധീകരിച്ചു. ഈ നുണയുടെ വിളവെടുപ്പ് ആര്‍എസ്എസ് നടത്തിയത് കേരളത്തിനു പുറത്ത് വടക്കേ ഇന്ത്യയിലാണ്. മുസ്‌ലിംകള്‍ താരതമ്യേന മെച്ചപ്പെട്ട ജീവിതനിലവാരത്തിലുള്ള കേരളത്തില്‍ അപകടകരമായ ലൗ ജിഹാദ് നടക്കുന്നുവെന്നും ഹിന്ദുക്കള്‍ ഭീഷണിയിലാണെന്നുമുള്ള പ്രചാരണം വര്‍ഗീയത ആളിക്കത്തിക്കാനുള്ള ഇന്ധനമായി സംഘപരിവാരം ഉപയോഗിച്ചു. അതിന്റെ ഭാഗമാണ് അഹ്‌റാസുലിന്റെ നിഷ്ഠുരമായ കൊലപാതകവും. മതപരിവര്‍ത്തനത്തിന്റെ പേരില്‍ ഇപ്പോള്‍ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇല്ലാക്കഥകള്‍ ലൗ ജിഹാദ് പ്രചാരണത്തിന്റെ തുടര്‍ച്ചയാണ്. ഹാദിയക്കെതിരായ നീക്കങ്ങളെ കേരളത്തിന്റെ പൊതുബോധം പിന്തുണച്ചതും നാം ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ടതാണ്. തനിക്കിഷ്ടമുള്ള മതം സ്വീകരിക്കണമെന്നും തന്റെ ഇഷ്ടപ്രകാരം ജീവിക്കാന്‍ അനുവദിക്കണമെന്നും 25 വയസ്സുള്ള ഒരു യുവതി കോടതിയില്‍ ആവശ്യപ്പെടുമ്പോള്‍ അത് മാനിക്കാതെ നിര്‍ബന്ധിച്ച് വീട്ടുതടങ്കലിലാക്കാന്‍ വിധിച്ച ഹൈക്കോടതി നടപടി ആരും കണ്ടില്ല. മതസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും മൗലികാവകാശങ്ങളുടെ പട്ടികയില്‍ രേഖപ്പെടുത്തിയ മനോഹരമായ ഒരു ഭരണഘടന ന്യായാധിപന്‍മാരുടെ മേശപ്പുറത്തിരിക്കെയാണ് അതിലെ മൂല്യങ്ങളെ അപ്പാടെ നിഷേധിച്ച് ഭരണഘടനാവിരുദ്ധ വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്.ഹാദിയയുടെ മനുഷ്യാവകാശമോ ഹൈക്കോടതിയുടെ ഭരണഘടനാവിരുദ്ധ വിധിയോ ചര്‍ച്ചചെയ്യാതെ കേരള ഹൈക്കോടതിയിലേക്ക് മുസ്‌ലിം ഏകോപനസമിതി നടത്തിയ മാര്‍ച്ചിന്റെ കര്‍മശാസ്ത്രസാധ്യത ചികഞ്ഞന്വേഷിക്കാനാണ് മലയാളി പൊതുബോധം സമയം കളഞ്ഞത്. കോടതിവിധിക്കെതിരേ ഹര്‍ത്താല്‍ നടത്തിയ, കോടതിവിധിക്കെതിരേ സുപ്രിംകോടതിയുടെ മുറ്റത്ത് പടക്കംപൊട്ടിച്ച് പ്രതിഷേധിച്ച നാട്ടിലാണ് ജനാധിപത്യാവകാശ നിഷേധത്തിനെതിരേ നടത്തിയ ഹൈക്കോടതി മാര്‍ച്ച് കേരളത്തിന്റെ പൊതുബോധത്തിന്റെ വിചാരണക്കൂട്ടില്‍ മാസങ്ങളോളം കയറിയിറങ്ങിയത്. ഹൈക്കോടതി മാര്‍ച്ചില്‍ നടന്ന പ്രസംഗങ്ങളുടെ വാചകങ്ങളും അക്ഷരങ്ങളും വരെ ഇഴകീറി അന്തിച്ചര്‍ച്ചകളില്‍ വിചാരണയ്ക്കു വയ്ക്കുമ്പോഴും ഹാദിയ എന്ന യുവതിയുടെ മനുഷ്യാവകാശം നമ്മുടെ പൊതുബോധത്തിനു വിഷയമായിരുന്നില്ല. ആറുമാസത്തെ കൊടും തടവിനും ഭീകരമായ പീഡനത്തിനും ശേഷം പരമോന്നത നീതിപീഠത്തിനു മുന്നില്‍ വന്നു മങ്ങിപ്പോവാത്ത തന്റെ വിശ്വാസം ഹാദിയ ഉറക്കെ വിളിച്ചുപറഞ്ഞപ്പോള്‍ കുമ്പസാരക്കൂടിനു മുന്നില്‍ വരിനില്‍ക്കുന്ന കേരളത്തിന്റെ പൊതുബോധം വീണ്ടും കുണ്ഠിതപ്പെട്ടു, തങ്ങള്‍ക്കിതു കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന്. രാഷ്ട്രീയപ്പാര്‍ട്ടികള്‍, മതസംഘടനകള്‍, മാധ്യമപ്രവര്‍ത്തകര്‍, വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനുമടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍, സംസ്ഥാന ഭരണകൂടം എന്നിവയെല്ലാം കണ്ണടച്ചിരുന്നപ്പോഴും നീതിക്കായി ജാഗ്രതയോടെ കാവലിരുന്ന പോപുലര്‍ ഫ്രണ്ടിനെ പഴിചാരുന്നതില്‍ ഉന്നംതെറ്റാതെ ഐക്യപ്പെടാന്‍ എല്ലാവര്‍ക്കുമായി. ഹാദിയയെ കാണാന്‍ ശ്രമിക്കുകയോ നിയമപോരാട്ടങ്ങള്‍ക്കു മുന്നിട്ടിറങ്ങുകയോ ചെയ്യാതെ ചൊറിഞ്ഞിരുന്നവരാണ് നിയമപോരാട്ടത്തിന്റെ അനന്തസാധ്യതകളെ സംബന്ധിച്ച് പോപുലര്‍ ഫ്രണ്ടുകാര്‍ക്ക് ക്ലാസെടുത്തുകൊണ്ടിരിക്കുന്നത്. ഇഷ്ടമുള്ള മതം സ്വീകരിച്ച ഹാദിയയെ ഇസ്‌ലാമില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവരില്‍ നിരവധിപേരുണ്ട്. ആര്‍ഷവിദ്യാസമാജവും രാഹുല്‍ ഈശ്വറും കുമ്മനം രാജശേഖരനും ദേശീയ വനിതാ കമ്മീഷനും സംഘി അനുകൂലികളായ യുക്തിവാദികളുമെല്ലാം അക്കൂട്ടത്തിലുണ്ട്. ഏറ്റവും ഒടുവില്‍ ഉപദേശകന്റെ റോളില്‍ വന്നത് കോളജ് വാധ്യാരായിരുന്ന മന്ത്രി കെ ടി ജലീല്‍ ആണ്. തന്റെ മകളുടെ പ്രായമുള്ള ഹാദിയക്ക് കെ ടി ജലീല്‍ എഴുതിയ 'കണ്ണീരണിയിക്കുന്ന' ഒരു കത്ത് നവമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. തന്നെ ആറുമാസം സകല മനുഷ്യാവകാശങ്ങളും നിഷേധിച്ച് തടവിലിട്ടപ്പോഴും വിഷം നല്‍കാന്‍ ശ്രമിച്ചപ്പോഴും മാതാപിതാക്കള്‍ക്കെതിരേ വെറുപ്പ് പ്രകടിപ്പിക്കാത്ത ഹാദിയെയയാണ് മാതൃ-പിതൃ സ്‌നേഹത്തിന്റെ ശ്രേഷ്്ഠത പഠിപ്പിക്കാന്‍ കെ ടി ജലീല്‍ ശ്രമിക്കുന്നത്. ഹാദിയയെ ഇസ്്‌ലാമല്ലാതാക്കാന്‍ ഇസ്്‌ലാമിനെ വരെ വക്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ട് മന്ത്രി ജലീല്‍. പ്രവാചകന്മാരെക്കുറിച്ചും അവരുടെ ദൗത്യത്തെക്കുറിച്ചും അബദ്ധങ്ങളുടെ ഘോഷയാത്ര നടത്തുന്ന മന്ത്രി ജലീല്‍ ഒരു കാര്യം വിട്ടുപോയി, ഹാദിയ വിശ്വസിക്കുന്നത്, മാതാവിന്റെ കാല്‍ക്കീഴിലാണ് സ്വര്‍ഗമെന്നു പഠിപ്പിക്കുന്ന ഇസ്‌ലാമിക മൂല്യത്തിലാണെന്നത്. ഹാദിയയുടെ വിശ്വാസത്തിന്റെ സത്ത തിരിച്ചറിയാനുള്ള ശേഷിപോലും പൊതുബോധം നിര്‍മിച്ച ഇസ്‌ലാം പേടി മൂലം കെ ടി ജലീലിന് ഇല്ലാതെ പോയി. ഘര്‍വാപസി കേന്ദ്രം മോഡല്‍ ഉപദേശം ഹാദിയയോട് നടത്താന്‍ ശ്രമിക്കുന്നതിനു പകരം മന്ത്രി ചെയ്യേണ്ടിയിരുന്നത് തമിഴ്‌നാട് ചെയ്തതുപോലെ ഹാദിയക്ക് പറയാനുള്ളത് തുറന്നുപറയാന്‍ ഒരവസരമെങ്കിലും ഒരുക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ സമ്പൂര്‍ണ തടവറയാണ് കേരള പോലിസ് ഹാദിയക്ക് ഒരുക്കിയത്. അതേസമയം, തമിഴ്‌നാട്ടിലും ഹാദിയ പോലിസ് സംരക്ഷണയിലാണുള്ളത്. അവര്‍ക്ക് ഫോണ്‍ ഉപയോഗിക്കാനും മാധ്യമങ്ങളെ കാണാനും സൗഹൃദം പങ്കുവയ്ക്കാനും അവസരം തമിഴ്‌നാട്ടില്‍ കിട്ടിയതില്‍ നിന്ന് കേരള പോലിസും തമിഴ്‌നാട് പോലിസും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാം. ആര്‍എസ്എസ് വിധേയത്വത്തിന്റെ ഈ അശ്ലീലം അവസാനിപ്പിക്കാന്‍ സമയം കിട്ടുമ്പോള്‍ ജലീല്‍ പിണറായി വിജയനെ ഒന്ന് ഉപദേശിക്കുന്നതു നന്നായിരിക്കും. മുസ്‌ലിംകളെ പ്രതിസ്ഥാനത്തു നിര്‍ത്തി ഭീകരവല്‍ക്കരിക്കുന്ന കേരളത്തിന്റെ പൊതുബോധ പ്രതിഫലനങ്ങള്‍ തന്നെയാണ് ഫഌഷ് മോബ് വിഷയത്തിലും പവിത്രന്‍ തീക്കുനിയുടെ കവിതാവിവാദത്തിലും ഉണ്ടായിട്ടുള്ളത്. എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥിനികള്‍ മലപ്പുറത്ത് നടത്തിയ ഫഌഷ് മോബ് ഒരു ആവിഷ്‌കാരമെന്ന നിലയ്ക്ക് പരിമിതമായ വാര്‍ത്താപ്രാധാന്യത്തില്‍ നില്‍ക്കുമ്പോഴാണ് ഇസ്‌ലാമിനെ ചേര്‍ത്തുവച്ച് വ്യാജ പ്രചാരണം ചില തല്‍പരകേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടാവുന്നത്. ഇസ്‌ലാമോ മുസ്്‌ലിംകളോ കക്ഷിയല്ലാത്ത ഒരു വിഷയത്തിലേക്ക് ഇസ്്‌ലാമിനെ വലിച്ചിഴച്ച് തേജോവധം ചെയ്യുകയും ഇസ്‌ലാം അസ്വാതന്ത്ര്യത്തിന്റെ മതമാണെന്നു വ്യാപകമായി പ്രചരിപ്പിക്കുകയുമാണു ചെയ്തത്. മലപ്പുറത്ത് പെണ്‍കുട്ടികള്‍ ഫഌഷ് മോബ് അവതരിപ്പിച്ചതില്‍ ഒരു മുസ്്‌ലിം സംഘടനയും നേതൃത്വവും അഭിപ്രായം പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഫഌഷ് മോബ് കളിച്ചതിന് പരസ്യമായി പെണ്‍കുട്ടിയുടെ കരണത്തടിച്ച അനുഭവം കണ്ണൂരിലുണ്ടായപ്പോഴും ആണ്‍കുട്ടിയും പെണ്‍കുട്ടിയും ബെഞ്ചില്‍ ഒരുമിച്ചിരുന്നതിന് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചപ്പോഴും ഉണ്ടാവാത്ത ജാഗ്രതയും ഐക്യദാര്‍ഢ്യവുമാണ് യാതൊരു പ്രകോപനവും ഉണ്ടാവാതിരുന്ന മലപ്പുറം ഫഌഷ് മോബ് വിഷയത്തില്‍ ഉണ്ടായിട്ടുള്ളത്. വിശ്വാസികള്‍ക്ക് ബാധകമായ മതനിയമങ്ങളെയും വിധിവിലക്കുകളെയും കേരളത്തിന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരായ നീക്കമായി പ്രചരിപ്പിച്ചത് ഇസ്്‌ലാംവിരുദ്ധ യുക്തിവാദി ഗ്രൂപ്പുകളും എസ്എഫ്‌ഐയുമാണ്. ഒരു മുസ്‌ലിം ഗ്രൂപ്പും ഈ വിഷയത്തില്‍ കക്ഷിയായിട്ടില്ല. പക്ഷേ, കേരളത്തിന്റെ പൊതുബോധം ചര്‍ച്ചചെയ്തത് ഇസ്‌ലാമിലെ 'മതവിധി'യെ സംബന്ധിച്ചാണ്. സമാനമായ പ്രചാരണം തന്നെയാണ് പവിത്രന്‍ തീക്കുനിയുടെ 'പര്‍ദ' എന്ന കവിതയിലും ഉണ്ടായിട്ടുള്ളത്. പവിത്രന്‍ തീക്കുനി എന്ന അറിയപ്പെട്ട കവി 'പര്‍ദ' എന്ന പേരില്‍ കവിത എഴുതുന്നു. ചില സുഹൃത്തുക്കള്‍ വിയോജിപ്പു പ്രകടിപ്പിച്ചതുകൊണ്ട് അതു പിന്‍വലിക്കുന്നുവെന്ന് അദ്ദേഹം തന്നെ പ്രഖ്യാപനം നടത്തുന്നു. പര്‍ദ എന്ന വേഷത്തെ ഇസ്്‌ലാമിനോട് ചേര്‍ത്തുവച്ച് മുസ്‌ലിംകള്‍ ഭീഷണിയുയര്‍ത്തി എന്ന് 'ഇര'പരിവേഷം ഉണ്ടാക്കി സകലരും യുദ്ധഭൂമിയിലേക്കിറങ്ങി, ഇസ്‌ലാമിന്റെ അസ്വാതന്ത്ര്യവും അസഹിഷ്ണുതയും ചര്‍ച്ചചെയ്യാന്‍.യഥാര്‍ഥത്തില്‍ പവിത്രന്‍ കവിത പിന്‍വലിച്ചത് പര്‍ദയെക്കുറിച്ച് പരാമര്‍ശം നടത്തിയതില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലല്ല. ആ കവിതയില്‍ ഉപയോഗിച്ച വാക്കുകളില്‍ അടങ്ങിയ അങ്ങേയറ്റത്തെ വംശീയാധിക്ഷേപം മൂലമാണ്. കറുപ്പിനെയും ആഫ്രിക്കയെയും വര്‍ണവെറിയന്മാരെ നാണിപ്പിക്കുംവിധം ആക്ഷേപിക്കുന്നതായിരുന്നു പവിത്രന്റെ 'പര്‍ദ' എന്ന കവിത. ഇസ്‌ലാമിനോ പര്‍ദ എന്ന വസ്ത്രത്തിനോ പവിത്രന്റെ കവിത ഒരു 'മാനഹാനി'യും വരുത്തുന്നില്ല.പവിത്രന്റെ കവിതയിലെ വംശീയാധിക്ഷേപമായിരുന്നു സത്യത്തില്‍ കേരളം ചര്‍ച്ചചെയ്യേണ്ടിയിരുന്നത്. എന്നാല്‍, വളരെ തന്ത്രപൂര്‍വം അദ്ദേഹം അതിന്റെ മുന്‍ഗണന മാറ്റിനിശ്ചയിച്ചു. അത് പര്‍ദ എന്ന വസ്ത്രത്തിനും ഇസ്്‌ലാമിനുമെതിരേയാക്കി. ഇസ്്‌ലാം പേടി പ്രധാന വിഭവമായി കാണുന്ന കേരളത്തിന്റെ പൊതുബോധം ആവേശത്തോടെ അത് ഏറ്റുപിടിക്കുകയും പവിത്രന്‍ രക്ഷപ്പെടുകയും കുറ്റവാളികളുടെ വിചാരണക്കൂട്ടില്‍ ഇസ്‌ലാമിനെ വലിച്ചുകയറ്റുകയും ചെയ്തു. ഹിന്ദുത്വപ്രചാരണത്തിന് ആക്കംകൂട്ടുന്ന ഇസ്‌ലാം പേടി സ്വയം തിരുത്താന്‍ മലയാളി പൊതുബോധത്തിനു കഴിയേണ്ടതുണ്ട്. മുസ്്‌ലിം കബന്ധങ്ങള്‍ക്കു മുമ്പില്‍ കുമ്പസാരക്കൂട് അന്വേഷിക്കേണ്ടിവരുന്ന ഗതികേട് ഇല്ലാതിരിക്കാന്‍ സത്യത്തോടും യാഥാര്‍ഥ്യത്തോടുമുള്ള പ്രതിബദ്ധതയും നാം ഉറപ്പുവരുത്തേണ്ടതുണ്ട്.                 ി

RELATED STORIES

Share it
Top