കുമ്പസാരം: വനിതാ കമ്മീഷന്‍ ശുപാര്‍ശ തള്ളി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍

തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ക്കെതിരായ ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട് ക്രിസ്ത്യന്‍ പള്ളികളിലെ കുമ്പസാരം സംബന്ധിച്ച് ദേശീയ വനിതാ കമ്മീഷന്‍ സമര്‍പ്പിച്ച റിപോര്‍ട്ട് തള്ളി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍.
ഭരണഘടന പ്രകാരം യാതൊരു നിയന്ത്രണത്തിനും വിധേയമാവാത്ത തരത്തിലുള്ള കുമ്പസാരമെന്ന വിശ്വാസാചരണത്തെ നിരോധിക്കണമെന്ന ശുപാര്‍ശ ഗൗരവമുള്ളതും മതവിശ്വാസത്തിനെതിരേയുള്ള കടന്നുകയറ്റവുമാണെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി കെ ഹനീഫ പ്രസ്താവനയില്‍ പറഞ്ഞു.
വൈദികര്‍ക്കെതിരേയുള്ളത് ലൈംഗിക പീഡന ആരോപണം മാത്രമാണ്. ആരോപണത്തില്‍ ബന്ധപ്പെട്ട കോടതിയുടെ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. ഒറ്റപ്പെട്ട ഒരാരോപണത്തിന്റെ പേരില്‍ ക്രിസ്തുമത വിശ്വാസികള്‍ അവരുടെ വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമായി കണക്കാക്കുന്നതും പവിത്രമായി കരുതുന്നതുമായ കുമ്പസാരം നിര്‍ത്തലാക്കണമെന്ന് ലാഘവത്തോടെ ആവശ്യപ്പെട്ടതിന്റെ യുക്തി മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.

RELATED STORIES

Share it
Top