കുമ്പസാരം നിരോധിക്കണമെന്ന് എന്‍സിഡബ്ല്യു നിര്‍ദേശം; മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: പോപുലര്‍ ഫ്രണ്ട്‌

ന്യൂഡല്‍ഹി: ഭരണഘടന ഉറപ്പുതരുന്ന മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണമാണ് കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖാ ശര്‍മയുടെ നിര്‍ദേശമെന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കര്‍. ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആചാരം നിരോധിക്കാന്‍ ആവശ്യപ്പെടുന്നത് രാജ്യത്തെ ക്രിസ്തീയ ന്യൂനപക്ഷത്തിന്റെ മതസ്വാതന്ത്ര്യത്തിന്മേലുള്ള ജനാധിപത്യവിരുദ്ധമായ ഇടപെടലാണ്.
ഒരു പ്രത്യേക ആചാരം നിലനിര്‍ത്തുന്നതിനോ ഉപേക്ഷിക്കുന്നതിനോ ഉള്ള അവകാശം ബന്ധപ്പെട്ട വിശ്വാസി സമൂഹത്തിന്റെ ആഭ്യന്തര കാര്യമാണ്. അധികാരത്തിലിരിക്കുന്നവരുടെ ആജ്ഞകള്‍ക്കനുസൃതമായി തീരുമാനമെടുക്കാവുന്നതല്ല അത്.
ഇത് ഒറ്റപ്പെട്ട കേസായി കാണാനാവില്ല. നേരത്തേ മുസ്‌ലിം സമൂഹത്തിന്റെ മതാചാരങ്ങള്‍ക്കെതിരേ സമാന നീക്കങ്ങളുണ്ടായപ്പോള്‍ മറ്റു ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നു വേണ്ടത്ര പ്രതികരണമുണ്ടായില്ല. ഏക സിവില്‍ കോഡും മുത്ത്വലാഖ് ബില്ലും വ്യക്തിനിയമത്തിനെതിരായ നീക്കമാണ്.
വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളാല്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള വര്‍ധിച്ചുവരുന്ന ശാരീരിക ആക്രമണത്തിനു സമാന്തരമാണിത്. മുഴുവന്‍ ന്യൂനപക്ഷ വിഭാഗങ്ങളും അതിനെ ഗൗരവത്തോടെ കാണുകയും തങ്ങളുടെ അവകാശങ്ങള്‍ക്കെതിരേയുള്ള ഈ കടന്നുകയറ്റത്തിനെതിരേ കൈകോര്‍ക്കുകയും വേണം. ക്രിസ്ത്യാനിയായ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നടത്തിയ ഒരു പ്രസ്താവന മാറ്റിനിര്‍ത്തിയാല്‍ പ്രധാനമന്ത്രിയും പാര്‍ട്ടി പ്രസിഡന്റും ബിജെപിയുടെ മറ്റു മുതിര്‍ന്ന നേതാക്കളും ഈ വിഷയത്തില്‍ പാലിച്ച നിശ്ശബ്ദത ദൗര്‍ഭാഗ്യകരമാണ്.
ഒരു വ്യക്തിയെന്ന നിലയില്‍ രേഖാ ശര്‍മയ്ക്ക് ചില മതപരമായ ആചാരങ്ങളുമായി ബന്ധപ്പെട്ടു സ്വന്തം അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍, വനിതാ അധ്യക്ഷ പദവി തന്റെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഉപാധിയായി കാണുന്നത് അധികാരദുര്‍വിനിയോഗമാണ്.
ഹാദിയ വിഷയത്തില്‍ ഉള്‍പ്പെടെ പക്ഷപാത ഇടപെടലുകളുടെ ഒരു ചരിത്രം രേഖാ ശര്‍മയ്ക്കുണ്ട്. ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തുനിന്നു രേഖാ ശര്‍മയെ നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിനോട് പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top