കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം അനധികൃത ലോറി പാര്‍ക്കിങ് ദുരിതമാവുന്നുമരട്: ദേശീയപാതയില്‍ കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപത്തും പരിസരത്തെ സര്‍വീസ് റോഡരികിലും അനധികൃത ലോറി പാര്‍ക്കിങ് നാട്ടുകാര്‍ക്ക് ദുരിതമാവുന്നു. പല തവണ പരാതി പറഞ്ഞെങ്കിലും നടപടികളൊന്നുമില്ലാത്തതിനാല്‍ അപകടകരമായ പാര്‍ക്കിങ് തുടരുന്നതായി നാട്ടുകാര്‍ പറയുന്നു. ലോറി ജീവനക്കാര്‍ ഭക്ഷണം പാകം ചെയ്ത ശേഷം അവശിഷ്ടങ്ങള്‍ റോഡരികില്‍ തന്നെ നിക്ഷേപിക്കുന്നത് കൂടാതെ മലമൂത്ര വിസര്‍ജനത്തിനും രാത്രി സമയങ്ങളില്‍ പാതയോരം ഉപയോഗിക്കുന്നത് മൂലം കാല്‍നടയാത്ര പോലും അസാധ്യമായിരിക്കുകയാണ്. ദേശീയപാതയില്‍ നിന്നും സര്‍വീസ് റോഡിലേക്ക് തിരിയുന്ന ഇടങ്ങളിലും അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കൂറ്റന്‍ ലോറികള്‍ നിര്‍ത്തിയിടുന്നത് അപകട സാധ്യതയുണ്ടാക്കുന്നതായി പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.ചെറുതും വലുതമായ വാഹനങ്ങളുടെ പാര്‍ക്കിങ് മൂലം ഗതാഗത കുരുക്കും തര്‍ക്കവും ഒഴിഞ്ഞിട്ടു നേരമില്ല.  ടൈലുകള്‍, ഇരുമ്പ് പൈപ്പുകള്‍, കാറുകള്‍ എന്നിവ കയറ്റി വരുന്ന കൂറ്റന്‍ ലോറികളാണ് പ്രധാന വഴി മുടക്കികള്‍. റോഡിന്റെ പകുതിയോളം വീതിയുള്ള വാഹനങ്ങള്‍ നിറുത്തിയിട്ടിരിക്കുന്നതു മൂലം എതിരേ മറ്റൊരു വണ്ടി വരികയാണെങ്കില്‍ റോഡിലൂടെ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. ഇതാണ് പലപ്പോഴും തര്‍ക്കത്തിനും ഗതാഗത കുരുക്കിനും ഇടയാക്കുന്നത്. ചരക്കുമായി എത്തുന്ന കൂറ്റന്‍ ട്രയിലര്‍ വാഹനങ്ങള്‍ കയറ്റിറക്കു നടത്തുന്നതും നിന്നു തിരിയാന്‍ ഇടമില്ലാത്ത സര്‍വീസ് റോഡിലാണ്. പ്രദേശത്ത് നിയമ വിധേയമല്ലാതെ പ്രവര്‍ത്തിക്കുന്ന ഗോഡൗണുകളില്‍ മതിയായ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതിനാലാണ് ലോറികള്‍ ദേശീയപാതയോരത്ത് പാര്‍ക്ക് ചെയ്യുവാന്‍ നിര്‍ബന്ധിതമാവുന്നത്. ജനങ്ങള്‍ക്ക് ഭീഷണിയായ അനധികൃത ലോറി പാര്‍ക്കിങ്ങിനെതിരേ ഗതാഗത വകുപ്പിനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്ന് എന്‍സിപി കുമ്പളം മണ്ഡലം പ്രസിഡന്റ് കെ ജി അശോകന്‍ പറഞ്ഞു.

RELATED STORIES

Share it
Top