കുമളി ഒന്നാംമൈലില്‍ മോഷണം; ഇലക്ട്രോണിക് ഉപകരണങ്ങള്‍ കവര്‍ന്നു

കുമളി: ഒന്നാം മൈലില്‍ മൂന്ന് കടകളില്‍ മോഷണം; മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ നഷ്ടപ്പെട്ടു. ഇന്നലെ പുലര്‍ച്ചെയോടെയാണ് കുമളി ഒന്നാം മൈലിലുള്ള മൂന്ന് വ്യാപാര സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. റൈറ്റ് ക്ലിക്ക് ഇന്റര്‍നെറ്റ് കഫേയുടെ രണ്ടാം നിലയിലുള്ള ഓഫിസിന്റെ പൂട്ട് കുത്തിപ്പൊളിച്ച് കടയ്ക്കുള്ളിലുണ്ടായിരുന്ന ടിവി, വീഡിയോ കാമറ എന്നിവയാണ് നഷ്ടപ്പെട്ടത്.
പ്രാദേശിക ചാനല്‍ റിപോര്‍ട്ടര്‍ കൂടിയായ ജെറിന്‍ പടിഞ്ഞാറേക്കരയുടെ വീഡിയോ കാമറയാണ് നഷ്ടപ്പെട്ടത്. തൊട്ടടുത്തുള്ള മൊബൈല്‍ പോയിന്റ് എന്ന മൊബൈല്‍ സര്‍വ്വീസിംഗ് സെന്ററില്‍ നിന്നും ഒരു ഐ ഫോണും സര്‍വീസിനു നല്‍കിയിരുന്ന മറ്റ് രണ്ട് മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടിട്ടുണ്ട്.
റോഡിനു സമാന്തരമായി പ്രവര്‍ത്തിക്കുന്ന ബയോ മാര്‍ക്ക് എന്ന മെഡിക്കല്‍ ഷോപ്പില്‍ കയറിയ മോഷ്ടാവ് ഇവിടെ നിന്നും ഇരുന്നൂറ് രൂപയുമായാണ് കടന്നു കളഞ്ഞത്. ഈ സ്ഥാപനത്തിനു സമീപത്തുള്ള സ്‌റ്റെയര്‍കെയ്‌സ് വഴിയാണ് മോഷ്ടാവ് രണ്ടാം നിലയിലുള്ള സ്ഥാപനങ്ങളില്‍ കയറി പൂട്ട് കുത്തിപ്പൊളിച്ച് മോഷണം നടത്തിയത്. രാവിലെ സ്റ്റാന്റിലെത്തിയ ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരാണ് കടകളുടെ പൂട്ട് കുത്തിപ്പൊളിച്ചത് ആദ്യം കണ്ടത്. സംഭവം അറിഞ്ഞ് കുമളി പോലിസ് എത്തി പരിശോധന നടത്തി. രണ്ടാഴ്ച മുമ്പ് ഒന്നാം മൈലില്‍ തന്നെയുള്ള ഐഡിയ പോയിന്റ് എന്ന സ്ഥാപനം കുത്തിത്തുറന്ന് അയ്യായിരം രൂപയും റീചാര്‍ജ് കൂപ്പണുകളും മോഷ്ടിച്ചിരുന്നു.
എന്നാല്‍ ഈ കേസിലുള്ള പ്രതിയെ ഇനിയും പിടികൂടാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. അതേ സമയം രാത്രി കാലങ്ങളില്‍ ഒന്നാം മൈല്‍ പ്രദേശത്ത് വഴിവിളക്കുകള്‍ ഒന്നും പ്രകാശിക്കാത്തത് മോഷ്ടാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയാണ് ചെയ്യുന്നതെന്ന് പോലിസ് പറയുന്നു. മാത്രമല്ല ഇവിടത്തെ ഒരു വ്യാപാര സ്ഥാപനങ്ങളിലും സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടില്ലെന്നും പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top