കുമളി, ഒട്ടകത്തല മേട് മേഖലകളിലെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും: നശിച്ചത് നിരവധി വീടുകളും കൃഷിയിടങ്ങളും; വന്‍ നഷ്ടം

അബ്ദുല്‍ സമദ് എ

കുമളി: കനത്ത മഴയെ തുടര്‍ന്നു കുമളിയിലുണ്ടായ ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും ഉണ്ടായത് വന്‍ നാശനഷ്ടം. നിരവധി വീടുകളും കൃഷിയിടങ്ങളും നശിച്ചു. ശനിയാഴ്ച വൈകീട്ടുണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് വ്യാപകമായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. ഒട്ടകത്തലമേട്ടില്‍ അഞ്ചോളം ചെറിയ ഉരുള്‍പൊട്ടലുകളാണ് ഉണ്ടായത്. കുമളിക്ക് സമീപത്തുള്ള രാജീവ് ഗാന്ധി കോളനി ഒട്ടകത്തലമേട് എന്നിവിടങ്ങളിലാണ് വീടുകള്‍ക്കു നാശനഷ്ടം സംഭവിച്ചത്.
ഒട്ടകത്തലമേട്ടില്‍ കിഴക്കേകാവനാല്‍ കുട്ടപ്പന്‍, കിഴക്കേകാവനാല്‍ ദാസ്, പുത്തന്‍ പുരയ്ക്കല്‍ ആന്റണി മാത്തച്ചന്‍, തടത്തില്‍ മോസസ്, നാഗമ്മ മണികണ്ഠന്‍, തങ്കച്ചന്‍ തെക്കാനിക്കാട്ടില്‍, മേരി തടത്തില്‍, രാജു പുഞ്ചയില്‍, തേക്കുംമൂട്ടില്‍ തങ്കച്ചന്‍, വടക്കേടം ജോസ്, ഷിബു ചുട്ടിപ്പാറയ്ക്കല്‍, ശാരദ ചുട്ടിപ്പാറ, അമ്മിണി കല്യാടിയില്‍, ജോയി ചുട്ടിപ്പാറയ്ക്കല്‍, രണ്ടാംമൈല്‍ മഹേഷ് ഭവനില്‍ സുനില്‍ എന്നിവരുടെ വീടുകള്‍ക്കാണ് കേടുപാടുകള്‍ ഉണ്ടായത്. മേരി തടത്തിലിന്റെ വീടിരിക്കുന്ന സ്ഥലത്തിന്റെ സംരക്ഷണ ഭിത്തിയിലാണ് ഉരുള്‍ പൊട്ടിയത്. ഇതോടെ ഈ വീട് എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
കുമളി ടൗണിനു സമീപത്തുള്ള ഏറ്റവും ഉയര്‍ന്ന പ്രദേശമാണ് ഒട്ടകത്തലമേട്. ഇനിയും ശക്തമായ മഴ പെയ്താല്‍ എപ്പോള്‍ വേണ്ടെങ്കിലും ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമെന്ന ഭീതിയിലാണ് ഇവിടുത്തുകാര്‍ കഴിയുന്നത്. ശക്തമായ മഴയിലുണ്ടായ വെള്ളപ്പാച്ചിലിലാണ് അമരാവതി രാജീവ്ഗാന്ധി കോളനിയിലെ സാബു താഴത്തുവീട്, ശോഭന തെക്കുംപുറം, ജമീല മുഹമ്മദ് ചാലില്‍, അമ്പിളി കണിമറ്റത്തില്‍, ശ്യാമള ചൂരക്കുഴി, രാജു കുന്നുംപുറം, മുരളി പുതുപ്പറമ്പില്‍ എന്നിവരുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇവിടെയുള്ള തോടിന്റെ കരയിലാണ് സാബുവിന്റെ വീട് നില്‍ക്കുന്നത്. വെള്ളം കുത്തിയൊലിച്ച് വന്നതോടെ തോടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നതാണു വീടിന് ഭീഷണിയായിട്ടുള്ളത്. ഒട്ടകത്തലമേട്ടില്‍ 1989 ല്‍ ഉരുള്‍പൊട്ടി ഒരാള്‍ മരിച്ചിരുന്നു. ഈ ഭാഗത്താണ് വീണ്ടും ഉരുള്‍പൊട്ടിയത്. കല്ലും മണ്ണും റോഡില്‍ തടഞ്ഞു നിന്ന് ജലമൊഴുക്കിന് തടസ്സം ഉണ്ടായി.
ഇതോടെ കുമളി ഒട്ടകത്തലമേട് ചക്കുപള്ളം റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. ഇതോടെ ഇവിടുന്നുള്ള മഴവെള്ളം കുത്തിയൊലിച്ച് നൂലാംപാറ ക്ഷേത്രത്തിനു സമീപത്തുകൂടി ഒഴുകിയതോടെ ഈ പ്രദേശത്തുള്ള നിരവധി വ്യക്തികളുടെ കൃഷിയിടങ്ങളില്‍ വെള്ളം കയറുകയായിരുന്നു. ഒട്ടകത്തലമേട്ടിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് അട്ടപ്പള്ളം മേഖലയിലെ കൃഷിയിടങ്ങളില്‍ കല്ലും മണ്ണും അടിഞ്ഞു കൂടിയത്.
ഇതോടെ സി സി ഇമ്മാനുവേല്‍, സജി കളപ്പുരയ്ക്കല്‍, സാബു കളപ്പുരയ്ക്കല്‍, ഡൊമിനിക് കളപ്പുരയ്ക്കല്‍, സാജന്‍ കളപ്പുരയ്ക്കല്‍, സാബു ഇലഞ്ഞിമറ്റം, ചെറിയാന്‍ തകിടിപ്പുറത്ത് എന്നിവരുടെ ഏകദേശം നാലേക്കറോളം ഏലത്തോട്ടമാണ് നശിച്ചത്. 25 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഇതേസമയം കുമളി ടൗണിനു സമീപത്ത് പെരിയാര്‍ കോളനിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് െ്രെടബല്‍ സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ച ആളുകള്‍ ഇന്നലെ ഉച്ചയോടെ വീട്ടിലേക്കു മടങ്ങി.

RELATED STORIES

Share it
Top