കുമളിയില്‍ യാത്രാക്ലേശം രൂക്ഷം

കുമളി: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ട്രന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ വക ബസ് ജീവനക്കാര്‍ പണിമുടക്കിലേര്‍പ്പെട്ടതോടെ അതിര്‍ത്തിയില്‍ യാത്രാക്ലേശം രൂക്ഷമായി. ശബരിമല അയ്യപ്പഭക്തര്‍ ഉള്‍പ്പെടെയുള്ളവര്‍ അതിര്‍ത്തിയില്‍ കുടുങ്ങി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തൊഴിലുകള്‍ക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ ബസ് ജീവനക്കാര്‍ പണിമുടക്ക് തുടങ്ങിയത്. ഇതോടെ അയ്യപ്പ ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഭക്തന്‍മാര്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിട്ടത്. മാത്രമല്ല ഇടുക്കിയിലെ കാര്‍ഷിക, നിര്‍മാണ മേഖലകളിലേക്ക് എത്തുന്ന തൊഴിലാളികള്‍ക്കും തിരിച്ചടിയായി. തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികള്‍ എത്താതിരുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.  ദിവസവും രാവിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ തമിഴ്‌നാട്ടില്‍ നിന്ന് എത്തുന്നുണ്ട്. കമ്പത്തുനിന്ന് അതിര്‍ത്തി മേഖലയിലെത്തി ഇവിടെ നിന്നുള്ള ബസുകളിലും ഓട്ടോറിക്ഷകളിലും പണിസ്ഥലത്ത് എത്തുന്നവരാണ്  അധികവും. വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ ബസ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചു. ഇതുമൂലം ഇന്നലെ രാവിലെ കമ്പത്ത് നിന്ന് കുമളിയിലേക്ക് ബസുകള്‍ ഉണ്ടായിരുന്നില്ല. കമ്പം ഡിപ്പോയിലെ 128 ബസുകളില്‍ 18 എണ്ണം മാത്രമാണ് സര്‍വീസ് നടത്തിയത്. കമ്പം- തേനി റൂട്ടിലും ഉള്‍ഗ്രാമങ്ങളിലേക്കുമായിരുന്നു സര്‍വീസുകള്‍. സ്വകാര്യ ബസുകളും മറ്റ് വാഹനങ്ങളും യഥേഷ്ടം ഓടിയെങ്കിലും അതിര്‍ത്തി മേഖലകളിലേക്ക് നാമമാത്ര സര്‍വീസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. #കേരളത്തിലേക്ക് പച്ചക്കറിയും മറ്റുമായി എത്തി തമിനോട്ടിലേക്ക് മടങ്ങിപ്പോകുന്ന ലോറിയും പിക്കപ്പ് വാഹനങ്ങളിലുമായാണ് കുമളി അതിര്‍ത്തിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയത്. ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരുടെ സമരം അനിശ്ചിത കാലത്തേയ്ക്ക് നീക്കിയാല്‍ ജില്ലയിലെ തോട്ടം നിര്‍മ്മാണ മേഖലകള്‍ നിശ്ചലമാകും.

RELATED STORIES

Share it
Top