കുമരകത്ത് ബിജെപി പഞ്ചായത്ത് അംഗങ്ങള്‍ക്ക് മര്‍ദനം; പിന്നില്‍ സിപിഎമ്മെന്ന് ബിജെപികുമരകം: ഗ്രാമപ്പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാനെത്തിയ ബിജെപി അംഗങ്ങളെ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ മുഖംമൂടിധാരികള്‍ മര്‍ദിച്ചു. എട്ടാം വാര്‍ഡ് അംഗം പി കെ സേതു, 11 ാം വാര്‍ഡ് അംഗം വി എന്‍ ജയകുമാര്‍ (36) എന്നിവര്‍ക്കാണ് മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 നായിരുന്നു സംഭവം. ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. അതേസമയം, അക്രമത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി പ്രദേശത്ത് നടക്കുന്ന സിപിഎം- ബിജെപി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് അക്രമമെന്നാണ് കരുതുന്നത്. കരിയില്‍ പാലത്തിനുവേണ്ടി വീട്ടമ്മമാര്‍ നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയത് സേതുവായിരുന്നു. ഇതെത്തുടര്‍ന്നുള്ള അഭിപ്രായവ്യത്യാസമാണ് നേതാക്കള്‍ക്കെതിരായ മര്‍ദനത്തിന് കാരണമെന്ന് ബിജെപി പറയുന്നു. ബിജെപി കുമരകം പഞ്ചായചത്ത് കമ്മിറ്റി പ്രസിഡന്റാണ് പി കെ സേതു, ഏറ്റുമാനൂര്‍ മണ്ഡലം സെക്രട്ടറിയാണ് വി എന്‍ ജയകുമാര്‍. അക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, ചന്തകവലയ്ക്ക് സമീപം സ്ഥാപിച്ച സിസി ടിവി കാമറയില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ ആക്രമണത്തിന് ബൈക്കിലെത്തിയവരെ തിരിച്ചറിഞ്ഞതായി കുമരകം പോലിസ് അറിയിച്ചു. കണ്ടാലറിയാവുന്ന 17 പേര്‍ക്കെതിരേ കേസെടുത്തതായും പോലിസ് കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top