കുമരകം ടൂറിസം വികസനത്തിന് 16.48 കോടിയുടെ പദ്ധതികള്‍കോട്ടയം: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കുമരകത്തിന്റെ സമഗ്ര വികസനത്തിനുളള വിവിധ പദ്ധതികള്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചു. ആകെ 16.48 കോടിയുടെ പദ്ധതികളാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പുളള വിവിധ ഘട്ടങ്ങളിലെത്തി നില്‍ക്കുന്നതെന്ന് ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കുമരകത്തെ ജലാശയങ്ങള്‍ വിനോദ സഞ്ചാരത്തിന് ഉപയുക്തമാക്കുന്ന വിധത്തില്‍ നവീകരിക്കുന്നതിന് സംസ്ഥാന ടൂറിസം വികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ അഞ്ച് കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. കുമരകം ബോട്ട് ജെട്ടിയില്‍ സഞ്ചാരിക ള്‍ക്ക് ആവശ്യമായ ഫെസിലിറ്റി സെന്റര്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. പ്രദേശത്തിന്റെ ടൂറിസം വികസന സാദ്ധ്യത കണക്കിലെടുത്ത് കുമരകം ഗ്രാമപ്പഞ്ചായത്ത് നടപ്പാക്കാനുദേശിക്കുന്ന പള്ളിച്ചിറ നേരേമട റോഡിന്റെ വികസനത്തിന് ആറു കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിച്ചു വരുന്നു. ജലാശയങ്ങളുടെ പുനരുജ്ജീവനത്തിനും ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനത്തിനുമായി ടൂറിസം വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന മറ്റൊരു പദ്ധതിക്ക് 4.65 കോടിയാണ് അനുവദിച്ചിട്ടുള്ളത്. കുമരകത്തെ ബോട്ടിങിന്റെയും അനുബന്ധ സൗകര്യങ്ങളുടേയും വികസനത്തിനായി 3.04 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുക. പദ്ധതിക്ക് കീഴില്‍ പുതിയ ബോട്ടുകള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നു. കുമരകത്തിന്റെ സൗന്ദര്യ വല്‍ക്കരണത്തിനായി 2.44 കോടിയും ചെലവഴിക്കും. ജില്ലാ നിര്‍മിതി കേന്ദ്രം മുഖേനയാണ് പദ്ധതി നടപ്പാക്കുക. കുമരകത്തെ ഗൊങ്ങിനിക്കരി വ്യൂ പോയിന്റില്‍ വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും സ്ഥലത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി 75 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കവണാറ്റിന്‍കരയില്‍ സഞ്ചാരികള്‍ക്കായി 3.52 ലക്ഷം രൂപ ചെലവില്‍ ഒരുക്കുന്ന ഫെസിലിറ്റേഷന്‍ സെന്ററിന്റെ നിര്‍മാണ പ്രവര്‍ത്തനം ഇതിനകം ഏറെക്കുറെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കോട്ടയത്തെ നാലുമണിക്കാറ്റില്‍ സഞ്ചാരികള്‍ക്കായുളള പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 6.65 ലക്ഷം രൂപയുടെ പദ്ധതിക്കും അനുമതിയായിട്ടുണ്ട്. അപകട സാധ്യത മുന്‍നിര്‍ത്തി ജില്ലയുടെ ഇല്ലിക്കല്‍ കല്ല് ടൂറിസം കേന്ദത്തില്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൗണ്‍സിലിന്റെ കീഴില്‍ കോടിമതയിലുളള വാട്ടര്‍ പാര്‍ക്കില്‍ ബോട്ടിങ്, വാട്ടര്‍ സ്‌കൂട്ടര്‍, ബനാനാറൈഡ് തുടങ്ങിയവക്കുളള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തലയോലപ്പറമ്പ് ഗ്രാമപ്പഞ്ചായത്തില്‍ മുവാറ്റുപുഴയാറിന്റെ തീരത്ത് വടയാറില്‍ സഞ്ചാരികള്‍ക്കായി വഴിയോര വിശ്രമകേന്ദ്രവും ഡിടിപിസിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top