കുമരംകുടി എസ്‌റ്റേറ്റിലെ തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു

പത്തനാപുരം: സ്‌റ്റേറ്റ് ഫാമിങ് കോര്‍പറേഷന്റെ കുമരംകുടി എസ്‌റ്റേറ്റില്‍ ജോലിക്കിടെ തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു. ടാപ്പിങ് സൂപ്പര്‍വൈസര്‍ പിറവന്തൂര്‍ കറവൂര്‍ ചണ്ണക്കാമണ്‍ കാര്‍ത്തികയില്‍ സുഗതന്‍ (58) ആണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. കുമരംകുടി എസ്‌റ്റേറ്റിലെ പറങ്കിമാംകൂപ്പ് ഭാഗത്ത് ആനയിറങ്ങിയ വിവരം ടാപ്പിങ് തൊഴിലാളികളെ അറിയിക്കാനായി പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. എസ്‌റ്റേറ്റിലെ കാടുകള്‍ക്കിടയില്‍ മറഞ്ഞുനിന്ന ആന തുമ്പിക്കൈകൊണ്ട് സുഗതനെ എടുത്ത് എറിയുകയായിരുന്നു. തല്‍ക്ഷണം ഇയാള്‍ മരിക്കുകയും ചെയ്തു. നിലവിളി കേട്ട് ഓടിയെത്തിയ തൊഴിലാളികളാണ് എല്ലാവരെയും വിവരമറിയിച്ചത്. തുടര്‍ന്ന് എസ്എഫ്‌സികെ അധികൃതരും വനംവകുപ്പ് ഉദ്യോഗസ്ഥരും പത്തനാപുരം പോലിസും സ്ഥലത്തെത്തി.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം 12ഓടെ പോസ്റ്റ്‌മോര്‍ട്ടത്തിനു കൊണ്ടുപോവാനായി മൃതദേഹം ആംബുലന്‍സില്‍ കയറ്റിയപ്പോള്‍ തൊഴിലാളികള്‍ ഒന്നടങ്കം പ്രതിഷേധവുമായി എത്തി. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എസ്എഫ്‌സികെ എംഡി സ്ഥലത്ത് എത്താത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ എംഡിസിഎഫ് റോബര്‍ട്ടിനെ കൂകിവിളികളോടെയും അസഭ്യവര്‍ഷത്തോടെയുമാണ് തൊഴിലാളികള്‍ സ്വീകരിച്ചത്.
ആനക്കാവലിനായി ഏര്‍പ്പെടുത്തിയവരെ മൂന്ന് ദിവസം മുമ്പ് മാനേജ്‌മെന്റ് പിന്‍വലിച്ചതാണ് പ്രതിഷേധങ്ങള്‍ക്കു കാരണം. തുടര്‍ന്ന് തൊഴിലാളി യൂനിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നു—ണ്ടായ പോരായ്മകള്‍ അദ്ദേഹം സമ്മതിച്ചു. തൊഴിലാളികളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് എംഡി ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധത്തിന് അയവുവന്നത്.
മൃതദേഹം പുനലൂര്‍ താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്ന് ഉച്ചയ്ക്ക് 12 ന് കുമരംകുടി ഓഫിസില്‍ പൊതുദര്‍ശനത്തിനുവച്ച ശേഷം രണ്ടു മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: ഉഷ. മക്കള്‍: സേതുമാധവന്‍, ജ്യോതിലക്ഷ്മി.

RELATED STORIES

Share it
Top