കുഫോസ് രാജ്യാന്തര മല്‍സ്യ ഗുണനിലവാര പരിശോധനാകേന്ദ്രമാവുന്നു

കൊച്ചി: ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറൈന്‍ സ്റ്റ്യുവെര്‍ഡ്ഷിപ്പ്് കൗണ്‍സിലും കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയും (കുഫോസ്) സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായി. കടലില്‍ നിന്നു ലഭിക്കുന്ന മല്‍സ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യോ ല്‍പന്നങ്ങളുടെ ഗുണനിലവാരം നിശ്ചയിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ആഗോള ഏജന്‍സിയാണ് മറൈന്‍ സ്റ്റ്യുവെര്‍ഡ്ഷിപ്പ് കൗണ്‍സില്‍.
കൗണ്‍സിലിന്റെ ഡെവലപിങ് വേള്‍ഡ് പ്രോഗ്രാം മേധാവിയായ ഡോ. യെമി ഓളോറുന്‍ട്ടുയി കുഫോസ് സന്ദര്‍ശിച്ച് അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇരുസ്ഥാപനങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായത്. ധാരണയനുസരിച്ച് സമുദ്ര ഭക്ഷ്യോല്‍പന്നങ്ങളുടെ ഗുണനിലവാരം ഇന്ത്യയില്‍ നിശ്ചയിക്കുന്ന ഏജന്‍സിയായി കുഫോസ് പ്രവര്‍ത്തിക്കും. ഇതിനാവശ്യമായ പരിശോധനകള്‍ നടത്തുന്നതിനുള്ള പരിശീലനം കുഫോസിലെ അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും മറൈന്‍ സ്റ്റ്യുെവര്‍ഡ്ഷിപ്പ് കൗണ്‍സില്‍ നല്‍കും. കുഫോസിലെ അധ്യാപകനായ ഡോ. ബിനു വര്‍ഗീസ് ഇതിന്റെ നോഡല്‍ ഓഫിസറായി പ്രവര്‍ത്തിക്കും. ഇതോടൊപ്പം മല്‍സ്യങ്ങള്‍ ഉള്‍പ്പെടെയുള്ള സമുദ്ര ഭക്ഷ്യോല്‍പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി മറൈന്‍ സ്റ്റ്യുെവര്‍ഡ്ഷിപ്പ് കൗണ്‍സില്‍ വിവിധ തലങ്ങളില്‍ നടത്തുന്ന പരിശീലനകേന്ദ്രമായി കുഫോസ് പ്രവര്‍ത്തിക്കും.
കുഫോസിലെ ഫിഷറീസ് സയന്‍സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് മറൈന്‍ സ്റ്റ്യുവെര്‍ഡ്ഷിപ്പ് കൗണ്‍സിലിന്റെ പരിശീലനം സൗജന്യമായി ലഭിക്കും.
മല്‍സ്യബന്ധന തൊഴിലാളികള്‍ക്കും അനുബന്ധ വ്യവസായരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും കുഫോസ് നടത്തുന്ന മറൈന്‍ സ്റ്റ്യുെവര്‍ഡ്ഷിപ്പ് കൗണ്‍സിലിന്റെ പരിശീലന പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും. മല്‍സ്യസംസ്‌കരണ രംഗത്ത് ഗുണനിലവാരത്തില്‍ വന്‍ കുതിച്ചുചാട്ടം കൈവരിക്കാന്‍ ഇതിലൂടെ കഴിയുമെന്ന് കുഫോസ് രജിസ്ട്രാര്‍ വി എം വിക്ടര്‍ ജോര്‍ജ് പറഞ്ഞു.

RELATED STORIES

Share it
Top