കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷ് പിടിയില്‍

കൊച്ചി: പകല്‍ സമയങ്ങളില്‍ കറങ്ങിനടന്ന് കടകളിലും വീടുകളിലും മോഷണം നടത്തിവരുന്ന ‘ഡ്രാക്കുള സുരേഷ്’ എന്നുവിളിക്കുന്ന പുത്തന്‍കുരിശ് വടയമ്പാടി ഭാഗത്ത് കുണ്ടേലിക്കുടിയില്‍ വീട്ടില്‍ സുരേഷ്(37)എന്നയാളെ കുന്നത്തുനാട് പോലിസ് പിടികൂടി.
കഴിഞ്ഞ വെള്ളിയാഴ്ച നമസ്‌കാരത്തിനായി പള്ളിയില്‍ പോയ സമയം നോക്കി പട്ടിമറ്റത്തുള്ള രണ്ട് കടകളില്‍ നിന്നായി മൂന്ന് മൊബൈല്‍ ഫോണും പതിനയ്യായിരം രൂപയും മോഷണം നടത്തിയതിനാണ് പോലിസ് അറസ്റ്റ് ചെയ്തത്.
മോഷണം നടന്ന ഉടന്‍ പട്ടിമറ്റത്തുള്ള സിസിടിവി കാമറകള്‍ പരിശോധിച്ചും അടുത്തിടെ ജയില്‍മോചിതരായവരെകുറിച്ചും അന്വേഷണം നടത്തി പ്രതിയെ തിരിച്ചറിഞ്ഞ് ഇന്നലെ രാത്രി പെരുമ്പാവൂരില്‍ നിന്നും പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ കഴിഞ്ഞദിവസം മൂവാറ്റുപുഴയിലുള്ള ഒരു കടയില്‍ നിന്നും 12,000 രൂപ മോഷണം നടത്തിയതായി കുറ്റം സമ്മതിച്ചിട്ടുള്ളതാണ്. കഴിഞ്ഞമാസം 27ന് പ്രതി കാക്കനാട് ജയിലില്‍ നിന്നും ശിക്ഷകഴിഞ്ഞ് ഇറങ്ങി മോഷണം നടത്തിവരികയായിരുന്നു.
എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ്, മൂവാറ്റുപുഴ, ചോറ്റാനിക്കര, രാമമംഗലം തുടങ്ങിയ സ്‌റ്റേഷനുകളിലായി പ്രതിക്ക് പത്തൊന്‍പതോളം മോഷണകേസുകളും അഞ്ച് വര്‍ഷത്തോളം വിയ്യൂര്‍, കാക്കനാട് ജയിലുകളിലായി ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി രാഹുല്‍ ആര്‍ നായര്‍ ഐപിഎസിന്റെ നിര്‍ദേശാനുസരണം കുന്നത്തുനാട് ഇന്‍സ്‌പെക്ടര്‍ ജെ കുര്യാക്കോസ്, എസ്‌ഐമാരായ ടി ദിലീഷ്, ഷൈജന്‍, സുബൈര്‍, പോലിസുകാരായ മനാഫ്, സജീവ്, ദിനില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ ഇന്ന് കോലഞ്ചേരി കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top