കുപ്രസിദ്ധ അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ നിലമ്പൂര്‍ പോലിസിന്റെ പിടിയില്‍

നിലമ്പൂര്‍: സംസ്ഥാനത്തിന് അകത്തുംപുറത്തുമായി നിരവധി കേസുകളില്‍ പ്രതികളായ രണ്ട് പേര്‍ നിലമ്പൂരില്‍ അറസ്റ്റില്‍. വഴിക്കടവ് പൂവ്വത്തിപൊയില്‍ വാക്കയില്‍ അക്ബര്‍ എന്ന കട്ടര്‍ അക്ബര്‍(51), കോഴിക്കോട് കാക്കൂര്‍ ചീക്കിലോട് എളമ്പിലാശ്ശേരി ഹര്‍ഷാദ് (32) എന്നിവരാണ് വ്യാഴാഴ്ച രാവിലെ വടപുറത്ത് വെച്ച് അറസ്റ്റിലായത്. ഇതില്‍ അക്ബര്‍ പിടിച്ചുപറി, മോഷണം, കഞ്ചാവ് തുടങ്ങിയ നൂറോളം കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.
മുമ്പ് നടത്തിയ മോഷണ കേസില്‍ ജയിലിലടക്കപ്പെട്ട് അടുത്തിടെ പുറത്തിറങ്ങിയവരാണ് ഇരുവരും. വടപുറത്തെ വീട്ടില്‍ മോഷണത്തിനായി കളമൊരുക്കുമ്പോഴാണ് ഇവര്‍ പൊലീസിന്റെ പിടിയിലായത്. ജില്ലയില്‍ മഞ്ചേരി, കൊണ്ടോട്ടി,നിലമ്പൂര്‍,വഴിക്കടവ്, എടക്കര, വണ്ടൂര്‍,മേലാറ്റൂര്‍, പാണ്ടിക്കാട്, കരുവാരക്കുണ്ട്,കാളികാവ്, പെരിന്തല്‍മണ്ണ സ്റ്റേഷനുകളിലും വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളിലും കൂടാതെ തമിഴ്‌നാട്ടിലും നിരവധി കേസുകളുണ്ട്. വിവിധ കേസുകളിലായി  12 വര്‍ഷത്തോളമായി അക്ബര്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
അടുത്തിടെ വഴിക്കടവ് വള്ളിക്കാട് ശ്രിമഹാദേവ ക്ഷേത്രത്തില്‍ മോഷണം നടത്തിയത് അക്ബര്‍ ആണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവിടെ ഇയാള്‍ ഒറ്റക്ക് ക്ഷേത്ര ഓഫീസ് കുത്തിതുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏഴായിരം രൂപയുടെ നാണായങ്ങളാണ് മോഷ്ടിച്ചത്. അതേസമയം വടപുറത്തെ കുടക്കച്ചിറ റിച്ചാര്‍ഡ് ജോസഫിന്റെ വീട്ടിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് മോഷണം നടത്തിയത്.
ഇവിടെ നിന്നും 66,000 രൂപയും രണ്ട് പവന്‍ സ്വര്‍ണാഭരണവും കവര്‍ന്നു.കൂടാതെ വടപുറം ചെന്നാപള്ളി തോമസ് ജോസഫിന്റെ വീട്ടില്‍ നിന്നും രണ്ടര പവന്‍ സ്വര്‍ണാഭരണവും കരുവാരക്കുണ്ട് മഞ്ഞള്‍പാറയിലെ പാത്തുവിന്റെ വീട്ടില്‍ നിന്ന് മൂന്ന് പവന്‍ സ്വര്‍ണാഭരണം, കരുവാരക്കുണ്ട് മൂച്ചിക്കുന്ന് മുഹമ്മദാലിയുടെ വീട്ടില്‍ നിന്ന് ആറ് ഗ്രാം സ്വര്‍ണാഭരണം, മേലാറ്റൂര്‍ വളയപുറം കളത്തില്‍ ഖദീജയുടെ വീട്ടില്‍ അഞ്ച് ഗ്രാം സ്വര്‍ണാഭരണം പെരിന്തല്‍മണ്ണ ചാത്തനൂരിലെ വീട്ടില്‍ നിന്ന് അരപവന്‍ സ്വര്‍ണവും പതിനായിരം രൂപയും തുടങ്ങി 20 ഓളം വീടുകളില്‍ അടുത്തിടെ മോഷണം നടത്തിയതായി പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ പ്രത്യേക അന്വേഷണ സംഘത്തിലെ നിലമ്പൂര്‍ സിഐ കെ എം ബിജു, എസ്‌ഐ ബിനു കെ തോമസ്, എഎസ്‌ഐ എം അസൈനാര്‍, പെരിന്തല്‍മണ്ണ ഷാഡോ പോലിസ് അംഗങ്ങളായ മോഹന കൃഷ്ണന്‍, കൃഷ്ണകുമാര്‍, സി പി മുരളി, നിലമ്പൂര്‍ ഷാഡോ ടീമിലെ ടി ശ്രീകുമാര്‍, റെന്നിഫിലിപ്പ്, പത്മകുമാര്‍, സക്കീര്‍ അലി എന്നിവരാണ് പ്രതികളെ പിടികൂടിയത്.

RELATED STORIES

Share it
Top