കുപ്പിവെള്ള വ്യവസായത്തെ തകര്‍ക്കാന്‍ ഗൂഢനീക്കമെന്ന്പ്രതിഷേധവുമായി വ്യവസായികള്‍

കൊച്ചി: കുപ്പിവെള്ള വ്യവസായത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്നും ഇതിനെ അതിശക്തമായി ചെറുക്കുമെന്നും കേരള പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (കെപിഡിഎ). ഫുഡ് സേഫ്റ്റി കമ്മീഷണറുടെ പേരില്‍  സാംസ്‌കാരിക കേരളത്തിന് അപമാനകരമായ രീതിയിലാണ്  വ്യാജ വാര്‍ത്തകള്‍ നവ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് കെപിഡിഎ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന കേരളത്തിലെ മുന്‍നിര കമ്പനികളായ ഗ്രീന്‍വാലി, ഗോള്‍ഡന്‍ വാലി, ബ്ലൂ ഐറിസ്, ബേസിക്, അക്വാ സെയ്‌റ, ബ്രിസോള്‍, മൗണ്ട് മിസ്റ്റ്, ഡിപ്ലോമാറ്റ് തുടങ്ങിയവയ്‌ക്കെതിരെയാണ് കരുതിക്കൂട്ടിയുള്ള സൈബര്‍ ആക്രമണം. സൈബര്‍ അക്രമികള്‍ ആരോപിക്കുന്ന തരത്തില്‍ ഫുഡ് സേഫ്റ്റി അധികൃതരുടെ പരിശോധനകളില്‍ ഈ ബ്രാന്‍ഡുകളില്‍ മായം കണ്ടെത്തുകയോ, കോളിഫോം ബാക്ടീരിയ  സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. ഇത് ഫുഡ് സേഫ്റ്റി അധികൃതര്‍ ഓരോ കമ്പനിക്കും സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടുമുണ്ടെന്നും ഇവര്‍ പറഞ്ഞു.
വിദേശ ബ്രാന്‍ഡുകള്‍ക്കും തദ്ദേശീയ ബ്രാന്‍ഡുകള്‍ക്കും ഗുണ നിലവാര മാനദണ്ഡങ്ങളും നിര്‍മാണപ്രക്രിയകളും ഒന്നായിരിക്കെ ചില ബ്രാന്‍ഡുകളെ കരുതിക്കൂട്ടി അക്രമിക്കുന്നത് സ്ഥാപിത താല്‍പര്യം മാത്രം മുന്‍ നിര്‍ത്തിയാണെന്ന് കെപിഡിഎ പ്രസിഡന്റ് രാജീവ് മേനോന്‍ ആരോപിച്ചു.
ഐഎസ്‌ഐ മാര്‍ക്കില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഉണ്ടെങ്കില്‍ അവയെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിച്ച് കേരളത്തിലെ കുപ്പിവെള്ള വ്യവസായത്തെ സംരക്ഷിക്കണമെന്ന് കെപിഡിഎയുടെ മുഖ്യ രക്ഷാധികാരി ജേക്കബ് അബ്രാഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വാട്‌സ്ആപ്പിലൂടെ വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരേ സംസ്ഥാന പോലിസ് മേധാവിക്കും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ടെന്നും ജേക്കബ് എബ്രഹാം പറഞ്ഞു.
പുനരുപയോഗ യോഗ്യമായ പെറ്റ് ബോട്ടിലുകളാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. മാലിന്യമുക്ത കേരളത്തിനായി ഉപയോഗശൂന്യമാക്കിയ (ക്രഷ്ഡ്)  കുപ്പികള്‍ ചില്ലറ വ്യാപാരികളില്‍ നിന്നും  സംഘടനയുടെ നേതൃത്വത്തില്‍ സമാഹരിക്കുന്നതിനുള്ള പദ്ധതിയും വിഭാവനം ചെയ്തുവരുന്നതായും സെക്രട്ടറി പി വിബിന്‍ പറഞ്ഞു.

RELATED STORIES

Share it
Top