കുന്ന് തുരന്നു സുരങ്ക മാതൃകയില്‍ കുഴല്‍ക്കിണര്‍ നിര്‍മിക്കുന്ന സാങ്കേതികവിദ്യയുമായി ഗോവിന്ദറാം ജാട്ട്

എ പി  വിനോദ്

കാസര്‍കോട്: കുഴല്‍ക്കിണര്‍ എന്നു കേട്ടാല്‍ ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്ന കിണറാണെന്നേ മനസ്സില്‍ പതിയൂ. എന്നാല്‍ മലെഞ്ചരുവിലെ നീരുറവ കണ്ടെത്താന്‍ സമാന്തരരീതിയില്‍ കുഴല്‍ക്കിണര്‍ കുഴിച്ചാല്‍ സാധിക്കുമെന്നാണ് ഇന്നലെ കാസര്‍കോട്ടെത്തിയ രാജസ്ഥാന്‍ സ്വദേശി തെളിയിച്ചത്. സംസ്ഥാനത്തു തന്നെ ഭൂഗര്‍ഭ ജലനിരപ്പില്‍ ഏറ്റവും കുറവുള്ള കാസര്‍കോട് ജില്ലയില്‍ സുരങ്ക മാതൃകയി ല്‍ കുന്ന് തുരന്ന് സമാന്തര (തിരശ്ചീനം) കുഴല്‍ക്കിണര്‍ നിര്‍മിക്കുന്ന സാങ്കേതികവിദ്യയുമായി രാജസ്ഥാന്‍ സ്വദേശി ഗോവിന്ദറാം ജാട്ട് ജില്ലയിലെത്തി. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗോവ എന്നിവിടങ്ങളില്‍ സമാന്തര രീതിയില്‍ കുഴല്‍ക്കിണര്‍ നിര്‍മിച്ച് 18 വര്‍ഷത്തോളം പരിചയമുള്ള ഗോവിന്ദറാം ആദ്യമായാണ് കേരളത്തിലെത്തുന്നത്. എന്‍മകജെ പഞ്ചായത്തിലെ കാട്ടുകുക്കെയിലെ കര്‍ഷകന്‍ ഉമേശ്കുമാര്‍ സാലെയുടെ കൃഷിയിടത്തിലാണ് ഇന്നലെ കുഴല്‍ക്കിണര്‍ യന്ത്രം ഉപയോഗിച്ച് സുരങ്കം നിര്‍മിക്കുന്ന രീതിയില്‍ കിണര്‍ കുഴിക്കാന്‍ ആരംഭിച്ചത്. തന്റെ 25 ഏക്കര്‍ കൃഷിയിടത്തിന് ആവശ്യത്തിനു വെള്ളമെത്തിക്കാന്‍ സുരങ്കം നിര്‍മിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും വിദഗ്ധരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അഞ്ചുമാസം മുമ്പ് 40 അടി നീളമുള്ള സുരങ്കം നിര്‍മിച്ചെങ്കിലും നിര്‍മാണത്തൊഴിലാളിക്കു വേണ്ടത്ര വൈദഗ്ധ്യമില്ലാത്തതിനാല്‍ ഇടിഞ്ഞുവീഴുകയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീപഡ്രെയാണു ഗോവയില്‍ സമാന്തരരീതിയില്‍ കുഴിക്കുന്ന കുഴല്‍ക്കിണറുകളെക്കുറിച്ച് പറഞ്ഞത്. ഇന്റര്‍നെറ്റും സാമൂഹികമാധ്യമങ്ങളും വഴിയാണ് ശ്രീപഡ്രെ ഗോവിന്ദറാമിനെക്കുറിച്ചറിയുന്നത്. ഇതില്‍ താല്‍പര്യം തോന്നി ഉമേശ് ഗോവിന്ദറാവുവിനെ സമീപിക്കുകയായിരുന്നു. ഉമേശിന്റെ കൃഷിയിടത്തി ല്‍ 50 വര്‍ഷത്തോളം പഴക്കമുള്ള എട്ടു സുരങ്കങ്ങളുണ്ട്. ഇതില്‍ നാലെണ്ണത്തില്‍ നവംബറോടെ വെള്ളം വറ്റുന്ന സ്ഥിതിയാണ്. സുരങ്ക കിണര്‍ കുഴിക്കാ ന്‍ 35 അടിക്ക് 35,000 രൂപയോളം ചെലവാകും. എന്നാല്‍ സമാന്തരമായി കുഴല്‍ക്കിണര്‍ കുഴിക്കുമ്പോള്‍ 150 അടിക്ക് 15,000 രൂപയേ ചെലവു വരൂ. നിലവില്‍ സുരങ്കം കുഴിക്കുന്നവരില്‍ വൈദഗ്ധ്യമുള്ളവര്‍ വിരളമാണ്. കാസര്‍കോട് ജില്ലയിലെ മലയോര മേഖലയിലെ സമാന്തരരീതിയിലുള്ള കുഴല്‍ക്കിണറിനു നല്ല സാധ്യതയുണ്ടെന്നും ഗോവ പോലെ എളുപ്പത്തില്‍ കുഴിക്കാ ന്‍ പ്രയാസമാണെങ്കിലും വെള്ളം ലഭിക്കുമെന്ന് ഗോവിന്ദറാം പറഞ്ഞു. ഇന്നലെ ഉമേശിന്റെ പറമ്പില്‍ 45 അടി കുഴിച്ചപ്പോള്‍ വെള്ളം കണ്ടെത്തി. ഇത്തരത്തില്‍ മൂന്നു കിഴല്‍ക്കിണറുക ള്‍ കൂടി ഇവിടെ നിര്‍മിക്കുന്നുണ്ട്. നിരവധി പേരാണ് ഈ പുതിയ കുഴല്‍ക്കിണര്‍ നിര്‍മാണം കാണാനെത്തുന്നത്. സമാന്തര കുഴല്‍ക്കിണര്‍ നിര്‍മിക്കാന്‍ കാസര്‍കോട്ടെയും ദക്ഷിണകനറ ജില്ലയിലെയും എട്ടോളം ഓര്‍ഡറുകള്‍ ഗോവിന്ദറാമിന് ലഭിച്ചിട്ടുണ്ട്. നാലിഞ്ച് വ്യാസത്തിലാണു ഭൂമി തുരക്കുന്നത്. 100 നീളത്തി ല്‍ തുരക്കാന്‍ ആറു മുതല്‍ ഏഴു വരെ മണിക്കൂര്‍ വേണം. 300 അടി വരെ തുരക്കാനുള്ള യന്ത്രസാമഗ്രികള്‍ ഗോവിന്ദറാമിന്റെ കൈവശമുണ്ട്. ചെങ്കല്‍പ്പാറയുള്ള കുന്നുകളാണ് തുരക്കാ ന്‍ എളുപ്പം. കരിങ്കല്‍പ്പാറയില്‍ വേണ്ടത്ര ഫലപ്രദമാവില്ലെന്നാണ് അഭിപ്രായം. വെള്ളമില്ലാത്ത കിണറുകള്‍ക്കുള്ളിലും വിലങ്ങനെ തുരന്ന് നീരൊഴുക്കുണ്ടാക്കാം. ഗോവയില്‍ കൃഷിയിടങ്ങളില്‍ ജലസേചനത്തിനും ഈ രീതി ഉപയോഗപ്പെടുത്തുന്നു. വേനല്‍ക്കാലത്തു കിണറുകളും കുഴല്‍ക്കിണറുകളും വറ്റുന്നതു പോലെ ഇവ വറ്റാനുള്ള സാധ്യതയും കുറവാണ്. ഭൂമിക്കടിയിലൂടെ കേബിള്‍ വലിക്കാനും ഈ വിദ്യ ഉപയോഗപ്പെടുത്താമെന്ന് ഗോവിന്ദറാം തേജസിനോട് പറഞ്ഞു.

RELATED STORIES

Share it
Top