കുന്നുംഭാഗം മുതല്‍ 20ാം മൈല്‍ വരെ എബിസി കേബിള്‍ സ്ഥാപിച്ചുതുടങ്ങി

പൊന്‍കുന്നം:  കുന്നുംഭാഗം മുതല്‍ 20ാംമൈല്‍ വരെയുള്ള ഭാഗം ആധുനിക സാങ്കേതിക വിദ്യയിലുള്ള എബിസി (ഏരിയല്‍ ബഞ്ചിങ് കേബിള്‍) സ്ഥാപിക്കുന്ന കെഎസ്ഇബി പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി.നിലവിലുള്ള 11 കെവി ലൈനിനു പകരമാണ് എബിസി സ്ഥാപിക്കുന്നത്.
കാഞ്ഞിരപ്പള്ളി സബ്‌സ്‌റ്റേഷന്‍ മുതല്‍ ടിബി റോഡ് വഴി കുന്നും ഭാഗത്തെത്തി ദേശീയ പാതയിലൂടെ 20ാംമൈല്‍ വരെയുള്ള എട്ടു കിലോമീറ്റര്‍ ദൂരമാണ് കേബിളാക്കുന്നത്.25 മീറ്റര്‍ അകലത്തില്‍ തൂണുകള്‍ സ്ഥാപിച്ച് അവയിലൂടെയാണ് കേബിള്‍ വലിക്കുന്നത്. തൂണുകള്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയായി.ദേശീയപാതയിലെ ടൗണുകളില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും വാഹനഗതാഗതത്തിനും തടസ്സമുണ്ടാക്കാതിരിക്കുന്നതിനായി തൂണുകളുടെ എണ്ണം കുറച്ച് ഉയരകൂടുതലുള്ള തൂണുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
സബ് സ്‌റ്റേഷന്‍ മുതല്‍ കുന്നുംഭാഗം ഗവ.സ്‌കൂള്‍ വരെയുള്ള രണ്ടു കിലോമീറ്റര്‍ ദൂരത്തും 20ാം മൈലില്‍ അരകിലോമീറ്റര്‍ ദൂരത്തിലും കേബിള്‍ വലിച്ചു കഴിഞ്ഞു.കേബിളില്‍ നിന്നും എംവിടി സംവിധാനത്തിലൂടെയാണ് ട്രാന്‍സ്‌ഫോര്‍മറിലേക്ക് വൈദ്യുതി എത്തിക്കുന്നത്.ഈ മാസം 30ന് മുമ്പായി പദ്ധതി പൂര്‍ത്തിയാക്കും. ദേശീയപാതയില്‍ തൂണുകള്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭിക്കുന്നതിനുണ്ടായ കാലതാമസമാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത് താമസം നേരിട്ടത്. നിര്‍മാണം പൂര്‍ത്തിയായ ശേഷം ഇലക്ട്രിക്കല്‍ ഇന്‍ഡസ്‌പെക്ടേഴ്‌സിന്റെ പരിശോധന പൂര്‍ത്തിയാക്കി കേബിള്‍ ഓണത്തിന് മുമ്പായി പ്രവര്‍ത്തന സജ്ജമാകുമെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു.നിലവിലെ 11 കെവി ലൈന്‍ കേബിള്‍ വഴിയാകുന്നതോടെ ഇത്രയും ഭാഗത്തെ ട്രാന്‍സ്‌ഫോര്‍മറുകളില്‍ വൈദ്യുതി തടസ്സമില്ലാതെ മുഴുവന്‍ സമയവും എത്തിക്കാനാകും.പ്രസരണ  നഷ്ടമുണ്ടാകില്ല. അറ്റകുറ്റപണികള്‍ വേണ്ടി വരില്ല. ജനറല്‍ ആശുപത്രി,വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വൈദ്യുതി തടസ്സം തീരെ കുറവായിരിക്കും.

RELATED STORIES

Share it
Top