കുന്നില്‍ നിന്ന് മണ്ണ് നീക്കാന്‍ അനുമതി; ലക്ഷ്യം ക്വാറി തുടങ്ങാനെന്ന് നാട്ടുകാര്‍

ആലത്തൂര്‍: ക്വാറിക്ക് മുകളിലുള്ള കുന്നിടിച്ച് മണ്ണു നീക്കുന്നതിനെതിരെ പ്രദേശവാസികള്‍ രംഗത്ത്. മേലാര്‍കോട് ഗ്രാമപ്പഞ്ചായത്തിലെ എടക്കാട് നായാടി കോളനിയ്ക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കുന്നിലാണ് അധികൃതരുടെ അനുമതിയോടെ വ്യാപകമായി മണ്ണെടുക്കുന്നത്. റബ്ബര്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ചിരുന്ന കുന്നില്‍ നിന്ന് മരങ്ങള്‍ മുറിച്ചു മാറ്റി രണ്ടു വര്‍ഷം മുമ്പ് വരെ ക്വാറി പ്രവര്‍ത്തിച്ചിരുന്നു.
ജനവാസ മേഖലയോട് ചേ ര്‍ന്ന് പ്രവര്‍ത്തിച്ചുവന്നിരുന്ന ക്വാറിയ്‌ക്കെതിരെ അന്ന് പ്രതിഷേധ സമരങ്ങളുമുണ്ടായിരുന്നു. അനുവദനീയമാതിനെക്കാളും അളവില്‍ പാറ പൊട്ടിച്ചതിനാല്‍ പരിസരങ്ങളിലെ വീടുകളുടെ ചുമരുകള്‍ വിണ്ടു കീറുകയും, ഭാര വാഹനങ്ങള്‍ ഇടുങ്ങിയ വഴികളിലൂടെ ഓടിയതിനാല്‍ കുടിവെള്ള കുഴലുകള്‍ പൊട്ടുന്നതും നിത്യ സംഭവമായിരുന്നു. എടക്കാട് നായാടി കോളനിയുള്‍പ്പെടെ നൂറോളം വീടുകളാണ് ഈ ഭാഗത്തുള്ളത്.
പ്രവര്‍ത്തനം നിര്‍ത്തിയ ക്വാറിയില്‍ നിന്ന് കഴിഞ്ഞ രണ്ടു ദിവസമായി യന്ത്രമുപയോഗിച്ച് ദിനംപ്രതി അന്‍പതോളം ലോഡ് മണ്ണ് കടത്തുവാന്‍ തുടങ്ങിയിട്ട്. ജിയോളജി വിഭാഗത്തിന്റെ പാരിസ്ഥിതികാനുമതി ലഭിച്ചതിന്റെ മറവിലാണ് വ്യാപകമായി മണ്ണെടുക്കുന്നത്. ഒരു ലോഡ് മണ്ണ് 2600 രൂപയ്ക്കാണ് വില്‍പന നടത്തുന്നത്. മണ്ണെടുപ്പ് തുടര്‍ന്ന് പാറയുടെ ഭാഗമെത്തിയാല്‍ അത് പൊട്ടിച്ചെടുത്ത് ക്വാറി തുടങ്ങാനുള്ള ശ്രമമാണെന്നാണ് നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. മണ്ണ് നീക്കുന്നതിന് പാരിസ്ഥിതാകാനുമതി ലഭിച്ച ഭൂമിയാണിത്.
ഈ ഭാഗത്തെ മണ്ണ് നീക്കം ചെയ്യുന്നതിന് ക്വാറിയിങ് പെര്‍മിറ്റാണ് നല്‍കിയിട്ടുള്ളത്. ക്വാറിയുടെ മുകള്‍ ഭാഗത്തെ മണ്ണാണ് നീക്കം ചെയ്യുന്നത്. കല്ലിങ്കല്‍പ്പാടം പാതയുടെ ജോലിയുള്‍പ്പെടെ മൂന്ന് പ്രവൃത്തികള്‍ക്കാണ് മണ്ണ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് ജിയോളജിസ്റ്റ് പറഞ്ഞു. കുന്നില്‍ നിന്ന് 8000 ടണ്‍ മണ്ണെടുക്കാനാണ് അനുമതി നല്‍കിയത്.
ഇത്തരത്തില്‍ വ്യാപകമായി മണ്ണെടുത്താല്‍  കുന്നില്ലാതാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രതിദിനം 300 ടണ്‍ മണ്ണാണ് ഇവിടുന്ന് നീക്കം ചെയ്യുന്നത്. മൂന്ന് പ്രവൃത്തികള്‍ക്കാണ് പാരിസ്ഥിതാകാനുമതി ലഭിച്ച ഭൂമിയില്‍ നിന്ന് മണ്ണെടുക്കാന്‍ അനുമതി നല്‍കിയതെന്നാണ് ജില്ലാ ജിയോളജിസ്റ്റ് പറയുന്നത്. എന്നാല്‍ അതിന്റെ മറവില്‍ വ്യാപകമായി മണ്ണ് സ്വകാര്യ വ്യക്തികള്‍ക്ക് നികത്തുന്നതിനും മറിച്ചു വില്‍ക്കുകയാണ്.

RELATED STORIES

Share it
Top