കുന്നത്തൂരില്‍ റോഡുകള്‍ ഹൈടെക്കാവുന്നു

ശാസ്താംകോട്ട: കുന്നത്തൂര്‍ നിയമസഭ മണ്ഡലങ്ങളിലെ വിവിധ റോഡുകള്‍ അത്യാധുനിക രീതിയില്‍ നവീകരിക്കുന്നതിനുള്ള പദ്ധതിയായി. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ അഞ്ച് റോഡുകള്‍ നവീകരിക്കുന്നതിനായി അനുവദിച്ച 73.28 കോടിയുടെ പദ്ധതിയുടെ നിര്‍മാണോദഘാടനം  ജൂലൈ 12നു  പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും. ചിറ്റുമല മുതല്‍  ചീക്കല്‍കടവ്  ഏഴാംമൈല്‍ തെങ്ങമം വരെയുള്ള റോഡും, കല്ലുകുഴിയില്‍ നിന്നാരംഭിച്ചു  മലനട  ചക്കുവള്ളി  പതാരം  മാലുമേല്‍ കടവ് പാലം വരെയുള്ള റോഡും, കടപുഴയില്‍ നിന്നാരംഭിച്ചു കാരാളിമുക്ക് ആഞ്ഞിലിമൂട്  നാലുമുക്ക്  പതാരം വരെയുള്ള റോഡും, നാലുമുക്ക് മുതല്‍ ഭരണിക്കാവ് വരെയുള്ള റോഡും, കടപുഴ കാരാളിമുക്ക് വളഞ്ഞവരമ്പ് ബണ്ട് റോഡ് വരെയുള്ള  റോഡുകളാണ്  പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നത്. അത്യാധുനിക രീതിയില്‍ നിര്‍മിക്കുന്നതിനാല്‍ നിലവിലുള്ള ടാര്‍ ഇളക്കി പാറ കഷണങ്ങള്‍ ഉപയോഗിച്ച് ഉയരം കൂട്ടിയ ശേഷമാണ് റബ്ബറൈസ്ഡ് ടാര്‍ ചെയ്യുക. റിഫ്‌ലക്ടറുകളും സൈന്‍ ബോര്‍ഡുകള്‍ ഉള്‍പ്പടെ സ്ഥാപിച്ചാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. അഞ്ചു റീലുകളായി ഏകദേശം 52 കിലോ മീറ്റര്‍ റോഡാണ് നവീകരിക്കുന്നത്. ഉദ്ഘാടനത്തിന്റെ സ്വാഗത സംഘം രൂപീകരണം ഇന്നു രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അറിയിച്ചു .

RELATED STORIES

Share it
Top