കുന്നംകുളത്ത് ആറ് വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പിന് സാധ്യത

ജോസ് മാളിയേക്കല്‍

കുന്നംകുളം: കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച് ജയിച്ച് സ്ഥിരം സമതി തിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സഹകരിച്ചതിന് സസ്പന്‍ഷന്‍ നേരിടുന്ന ആറ് വിമത കൗണ്‍സിലര്‍മാരേയും പുറത്താക്കാന്‍ തീരുമാനമായി. ഡി സി സി അനുവദിച്ച കൈപത്തി ചിഹ്‌നത്തില്‍ മല്‍സരിക്കുകയും പാര്‍ട്ടി നല്‍കിയ വിപ്പ് അംഗീകരിക്കാതിരിക്കുകുയും ചെയ്തതിനാല്‍ ഇവരെ പുറത്താക്കാന്‍ അവകാശമുണ്ട്. കോടതിയെ സമീപിച്ചാല്‍പോലും ആറ് മാസത്തിനകം തീരുമാനമുണ്ടാകുമെന്നതിനാല്‍ ഇവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തി പാര്‍ട്ടി അനുയായികളെ ജയിപ്പിക്കാനാണ് പാര്‍ട്ടിയുടെ രഹസ്യ ധാരണ.
ആറ് വാര്‍ഡുകളില്‍ അഞ്ചും കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളാണെന്നതാണ് ഇത്തരം ഒരാലോചനയിലേക്ക് നീങ്ങുന്നത്. കാണിപ്പയ്യൂര്‍, അയ്യംപറമ്പ്, ആര്‍ത്താറ്റ്ഈസ്റ്റ്, നെഹ്‌റുനഗര്‍, ടൗണ്‍ വാര്‍ഡ് എന്നിവിടങ്ങള്‍ കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടയാണ്. എന്നാല്‍ വിമത നേതാവ് കൂടിയായ ഷാജി ആലിക്കല്‍ മല്‍സരിച്ച ചൊവ്വന്നൂര്‍ വാര്‍ഡ് മാത്രമാണ് കനത്ത മല്‍സരം നടക്കുക. ഇത് സി പി എമ്മില്‍ നിന്നും തിരിച്ചുപിടിച്ച വാര്‍ഡാണെന്നതിനാല്‍ ഇവിടെ മാത്രം മല്‍സരമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
ഈ വാര്‍ഡ് നഷ്ടമായാല്‍കൂടി പാര്‍ട്ടി അക്കൗണ്ടില്‍ എണ്ണം വര്‍ദ്ധിപ്പിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. ബി ജെ പി യുമായി സഹകരിച്ചതിന് രണ്ടര വര്‍ഷം മുന്‍പ് സസപന്റ് ചെയ്യപെട്ട അംഗങ്ങള്‍ക്ക് 2018 മാര്‍ച്ച് 30 വരേയാണ് കഴിഞ്ഞ മാസം പുറപ്പെടുവിച്ച നോട്ടീസില്‍ കെ പി സി സി സമയം അനുവദിച്ചിരുന്നത്. സ്ഥാനങ്ങള്‍ രാജിവെച്ച് പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്നായിരുന്നു നോട്ടീസ്. അല്ലാത്തപക്ഷം അംഗത്വം പോലും നഷ്ടപെടുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടി നല്‍കാന്‍ പോലും ഷാജി ആലിക്കലിന്റെ നേതൃത്വത്തിലുള്ള ആറംഗ കൗണ്‍സിലര്‍മാര്‍ തയ്യാറായില്ല. തങ്ങള്‍ക്ക് വീപ്പ് ലഭിച്ചിരുന്നില്ലെന്നും പുതിയ കൗണ്‍സില്‍ അധികാരമേറ്റ് രണ്ടര വര്‍ഷം പിന്നിട്ടിട്ടുപോലും പാര്‍ലിമന്റെറി പാര്‍ട്ടി കൂടാനോ നേതാവിനെ തിരഞ്ഞെടുക്കാനോ പാര്‍ട്ടിക്കായിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
സ്ഥിരം സമതി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പുറത്താക്കപെട്ടാലും കോണ്‍ഗ്രസിനോടൊപ്പം തന്നെ നിലനില്‍ക്കുമെന്നും ബധല്‍ സംവിധാനമായി നിലകൊള്ളുമെന്നുമാണ് വിമതര്‍ പറയുന്നത്. 37 അംഗ കൗണ്‍സിലില്‍ 15 അംഗ സി പി എം ഭരണ സമിതിക്ക് വിമതരുടെ നിലപാട് നിലവില്‍ ഏറെ ആശ്വസകരമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അജണ്ടകള്‍ തങ്ങള്‍ അംഗീകരിക്കുമെന്ന നിലപാട് സ്വീകരിക്കുന്ന വിമതപക്ഷ നിലപാടാണ് നഗരസഭയില്‍ പ്രതിപക്ഷത്തെ പരാജയപെടുത്തുന്നത്.
പത്തംഗ കൗണ്‍സിലര്‍മാരില്‍ ഭൂരിപക്ഷാംഗങ്ങളും പാര്‍ട്ടി നിലപാടിന് വിപിരീതമാണ് എന്നതിനാല്‍ വീപ്പ് ലംഘനം നിലനില്‍ക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും സുപ്രീം കോടതി വിധിയുടെ പശ്ചാത്തലം പാര്‍ട്ടിക്ക് ആശ്വാസമാണ്. പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിച്ചവര്‍ പാര്‍ട്ടി നിലപാടുകള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നാണ് നിലവിലെ നിയമം. ഇതിന്റെ പിന്‍ബലത്തിലാണ് വിമതര്‍ക്കെതിരെ പുറത്താക്കല്‍ നടപടിയുമായി പാര്‍ട്ടി നേതൃത്വം മുന്നോട്ട് നീങ്ങുന്നത്.
എന്നാല്‍ പാര്‍ട്ടി നയങ്ങളിലല്ല മറിച്ച് പ്രാദേശിക നേതൃത്വത്തിന്റെ നയങ്ങള്‍ക്കെതിരേയാണ് തങ്ങളുടെ പ്രതിഷേധമെന്നും ഇത് എ ഐ സി സി യെ ബോധ്യപ്പെടുത്തനാകുമെന്നുമാണ് വിമതര്‍ കണക്കു കൂട്ടുന്നത്. കെ പി സി സിയുടെ ഔദ്യോഗിക നിലപാടിന് ശേഷം കുന്നംകുളത്ത് പുതിയ രാഷ്ട്രീയ ചിത്രങ്ങള്‍ തെളിയുമെന്നതില്‍ തര്‍ക്കമുണ്ടാകില്ല.

RELATED STORIES

Share it
Top