കുന്നംകുളത്തെ ശുചിത്വ സംരക്ഷണ യജ്ഞം പാളി

കുന്നംകുളം: കുന്നംകുളത്തെ ശുചിത്വ സംരക്ഷണ യജ്ഞം പാളി. ബീക്കണ്‍ നഗരസഭയായി പ്രഖ്യാപിച്ചതിനു പിന്നാലെ എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന പേരില്‍ ആരംഭിച്ച മാലിന്യ സംസക്കരണ പദ്ധതിയാണ് താളം തെറ്റിയത്. നഗരസഭയുടെ മുറ്റത്ത് തന്നെ മാലിന്യം കൂട്ടിയിട്ട് പദ്ധതി അട്ടിമറിക്കല്‍ പ്രക്രിയക്ക് തുടക്കമിട്ടത് നഗരസഭ തന്നെയാണ്. ഒപ്പം നഗരസഭാ, സ്വകാര്യാ കെട്ടിടങ്ങളും കൂടി. നഗരത്തിലെ മുഴുവന്‍ കെട്ടിടങ്ങളിലും മാലിന്യം സംസ്‌ക്കരിക്കുന്നത് കാട്ടി സ്റ്റിക്കര്‍ പതിക്കുകയും പ്രശസ്ത സാഹിത്യകാരനും സിനിമാ താരവുമായ വി കെ ശ്രീരാമനെ അംബാസിഡറായി നിയമിക്കുകയും ചെയ്തതിനപ്പുറം പ്രവര്‍ത്തികള്‍ എവിടേയുമെത്തിയില്ല. നഗരസഭയുടെ മുറ്റത്ത് കുന്നുകൂടികിടക്കുന്ന മാലിന്യത്തിന് സമാനമാണ് പല കെട്ടിടങ്ങളും. ഇതില്‍ ഏറെ ദുരന്തമായി നിലനില്‍ക്കുന്നത് നഗരസഭ വക കെട്ടിടങ്ങളാണ്. കെട്ടിടത്തിലെ സ്ഥാപനങ്ങളില്‍ പലരും മാലിന്യം വലിച്ചെറിയുന്ന പതിവ് രീതി ഇനിയും മാറ്റിയിട്ടില്ല. ഇഎം എസ് കെട്ടിടത്തിലാകട്ടെ വര്‍ഷങ്ങളായുള്ള മാലിന്യം കുന്നുകൂടി തന്നെ കിടക്കുകയാണ്. മഹാത്മാ ഗാന്ധി വാണിജ്യ കേന്ദ്രത്തിലും സ്ഥിതി വിഭിന്നമല്ല. ജല ടാങ്കുകള്‍ പോലും മലിനമാണ്. ശുചിത്വ നഗരസഭയെന്ന ഖ്യാതിയില്‍ കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ ബീക്കണ്‍ നഗരസഭയായി കുന്നംകുളത്തെ പ്രഖ്യാപിച്ചതാണ്. ഇതിനു പിന്നാലെ അംബാസിഡറെ നിയമിക്കുകയും പരസ്യങ്ങള്‍ നല്‍കുകയും ചെയ്തുവെന്നതിനപ്പുറം നഗരശുചീകരണത്തിനായി ക്രയാത്മകമായ ഇടപെടല്‍ ഉണ്ടായില്ലെന്നതാണ് സത്യം. നഗരസഭ കെട്ടിടങ്ങളും നഗരസഭയും ശുചീകരിക്കേണ്ട ഉത്തരവാദിത്വമെങ്കിലും നഗരസഭ ഏറ്റെടുക്കണമെന്നാണ് ജനങ്ങളുടെ അഭിപ്രായം.

RELATED STORIES

Share it
Top