കുന്നംകുളം മാര്‍ക്കറ്റിലെ മലിനജലം ശുദ്ധീകരിക്കാന്‍ പദ്ധതിയൊരുങ്ങുന്നു

കുന്നംകുളം: തുറക്കുളം മാര്‍ക്കറ്റില്‍ നിന്നും പുറത്തേക്കഴുകുന്ന മലിന ജലം ശുദ്ധീകരിക്കാന്‍ പദ്ധതിയൊരുങ്ങുന്നു. ജലശുദ്ധീകരണത്തിനായി പുതിയ പ്ലാന്റ് നിര്‍മ്മിക്കാനാണ് നഗരസഭ തയ്യാറെടുക്കുന്നത്. ബിഒടി അടിസ്ഥാനത്തില്‍ നിര്‍മ്മാണകരാര്‍ നല്‍കിയ തുറക്കുളം മത്സ്യമാര്‍ക്കറ്റ് നിലവില്‍ സംസ്ഥാനത്തെ വലിയ മാര്‍ക്കറ്റുകളില്‍ ഒന്നാണ്.
കരാര്‍ കമ്പനിയും നഗരസഭയും തമ്മിലുള്ള ധാരണയനുസരിച്ച് കരാര്‍ നീട്ടി നല്‍കാന്‍ തീരുമാനിച്ചെങ്കിലും പ്രവര്‍ത്തി ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്‍പടേ ലോറികളിലും മറ്റും മത്സ്യമെത്തി ലേലം ചെയ്യുന്ന മാര്‍ക്കറ്റില്‍ നിന്നുള്ള മലിന ജലം മൂലം പരിസരമാകെ വൃത്തിഹീനമായ നിലയിലാണ്.
ഇത് സംമ്പന്ധിച്ച് പരാതികള്‍ നിരന്തരം എത്തിയതോടെ നിവൃത്തികെട്ടാണ് നഗരസഭ പുതിയ പദ്ധതിക്കൊരുങ്ങുന്നത്. പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ മുന്നോടിയായുള്ള പഠനത്തിനു സംസ്ഥാന ശുചിത്വ മിഷന്റെ നോഡല്‍ ഏജന്‍സിയായ കോഴിക്കോടുള്ള റാബയോളജിക്കല്‍സ് സ്ഥാപനത്തിലെ ഡോ. റീന അനില്‍കുമാര്‍ തുറക്കുളം മാര്‍ക്കറ്റ് സന്ദര്‍ശിച്ചു.
ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനു തടസമില്ലെന്നാണു വിദഗ്ധരുടെയും നഗരസഭ അധികൃതരുടെയും കണ്ടെത്തല്‍. ഇതര സംസ്ഥാനത്തുനിന്നു മത്സ്യം കൊണ്ടുവരുന്ന കണ്ടെയ്‌നര്‍ ലോറികളില്‍നിന്നു മാര്‍ക്കറ്റില്‍ ഒഴുക്കിക്കളയുന്ന മലിനജലമാണ് ഇവിടെ പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കുന്നത്.
കൂടാതെ മാര്‍ക്കറ്റില്‍ മാലിന്യവും വെള്ളവും കെട്ടിനില്‍ക്കുന്നുമുണ്ട്. ഇവിടെനിന്നു തോട്ടിലൂടെ പുറത്തേക്ക് ഒഴുകുന്ന മലിനജലം സമീപത്തെ കക്കാട് തിരുത്തിക്കാട് പാടശേഖരത്തില്‍ എത്തുന്നു.
ഇതിനാല്‍ കൃഷിചെയ്യാന്‍ കഴിയാതെ വലയുന്ന കക്കാട് തിരുത്തിക്കാട് പാടശേഖരത്തിലെ കര്‍ഷകര്‍ക്കു ട്രീറ്റ്‌മെന്റ് പ്ലാന്റ് ഏറെ സഹായകരമാകും.
പരിസരത്തെ കിണറുകളും കുളങ്ങളും മാലിന്യമുക്തമാക്കുന്നതും ലക്ഷ്യമാണ് കഴിഞ്ഞ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ യുഡിഎഫ് ആര്‍എംപി അംഗങ്ങള്‍ മാര്‍ക്കറ്റിനെ ചൊല്ലിയുള്ള ആക്ഷേപം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു നടത്തിയ പ്രതിഷേധം രണ്ടു യുഡിഎഫ് കൗണ്‍സിലര്‍മാരുടെ സസ്‌പെന്‍ഷനിടയാക്കിയിരുന്നു.

RELATED STORIES

Share it
Top