കുന്നംകുളം നഗരസഭാ കൗണ്‍സിലില്‍ വാക്കേറ്റം; രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

കുന്നംകുളം: കുന്നംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തി ല്‍ രൂക്ഷമായ വാക്ക് തര്‍ക്കം. അജണ്ട ചര്‍ച്ച ചെയ്യാതെ യോഗം പിരിഞ്ഞു. രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. കുന്നംകുളം നഗരസഭയില്‍ അടിയന്തരമായി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ അജണ്ട ചര്‍ച്ച ചെയ്യാതെ യോഗം പിരിഞ്ഞു.
വരള്‍ച്ച ദുരിതാശ്വാസവുമായി ബന്ധപ്പെട്ട സുപ്രധാനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നഗരസഭ ചെയര്‍പേഴ്‌സണ്‍ വിളിച്ച് ചേര്‍ത്ത അടിയന്തരയോഗമാണ് ഔദ്യോഗിക വിഭാഗം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും നഗരസഭ ചെയര്‍പേഴ്‌സണും തമ്മിലുള്ള വാക്ക്തര്‍ക്കത്തെ തുടര്‍ന്ന് അജണ്ടകള്‍ ചര്‍ച്ചചെയ്യാതെ പിരിച്ച് വിട്ടത്. കുന്നംകുളത്തൈ തുറക്കുളം മാര്‍ക്കറ്റ് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് തുറക്കുളം മാര്‍ക്കറ്റ് നില നല്‍ക്കുന്ന വാര്‍ഡിലെ കൗണ്‍സിലര്‍ തോമസ് പ്രതിഷേധവുമായി കൗ ണ്‍സില്‍ യോഗത്തില്‍ രംഗത്തെത്തി. തുറക്കുളം മാര്‍ക്കറ്റ് നഗരത്തിന് അപമാനമാണ്. ആയിരക്കണക്കിന് ലിറ്റര്‍ മലിന ജലമാണ് ദിവസവും മാര്‍ക്കറ്റില്‍ നിന്നും ജനവാസപ്രദേശങ്ങളിലേക്ക് ഒഴുകുന്നത്.
മല്‍സ്യങ്ങള്‍ കേടുകൂടാതെ സുക്ഷിക്കുന്നതിനായി കൊണ്ട് വരുന്ന തെര്‍മോക്കോള്‍ പെട്ടികള്‍ കത്തിക്കുന്നത് വലിയതോതിലുള്ള അന്തരീക്ഷ മലിനീകരണത്തിനും ഇടയാക്കുന്നുണ്ട്. ആളുകള്‍ മലമൂത്ര വിസര്‍ജനം നടത്തുന്ന സ്ഥലത്താണ് പലപ്പോഴും മീനിലിടുന്ന ഐസ് പൊടിക്കുന്നത്. മലിന ജലത്തില്‍ ചവിട്ടി നടന്ന് ഇവിടുത്തെ തൊഴിലാളികളുടെ പലരുടേയും കാലിന്റെ നഖങ്ങള്‍ ദ്രവിച്ച് തുടങ്ങിയിട്ടുണ്ട്. മാത്രമല്ല വൃത്തീഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നത് മൂലം ഈ പ്രദേശത്ത് കഴിഞ്ഞ തവണ മഞ്ഞപ്പിത്തം പടര്‍ന്ന് പിടിച്ചതായും അദ്ദേഹം പറഞ്ഞു.
ഇനിയൊരു തീരുമാനം ഉണ്ടാകുന്നത് വരെ തുറക്കുളം മാര്‍ക്കറ്റ് അടച്ചിടുകയും കച്ചവടം നിര്‍ത്തിവെക്കുകയും ചെയ്യുന്നതിനാവിശ്യമായ നടപടി നഗരസഭ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ഒ.ട്ടിയുടെ പേര് പറഞ്ഞ് ഇല്ലാത്ത കമ്പനിക്ക് നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ചുമതല നല്‍കിയതിനാലാണ് തുറക്കുളം മാര്‍ക്കറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനം നിലച്ചതെന്ന് ആരോപണമുയര്‍ന്നു. എന്നാല്‍ അടുത്ത കൗണ്‍സിലില്‍ തുറക്കുളം മാര്‍ക്കറ്റിന്റെ വിഷയം അജണ്ടവെച്ച് ചര്‍ച്ച ചെയ്യാമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.  അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ അജണ്ട മാത്രം ചര്‍ച്ച ചെയ്താല്‍ മതിയെന്നും മറ്റുകാര്യങ്ങള്‍ അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചചെയ്യാമെന്നും വൈസ് ചെയര്‍മാന്‍ പി എം സുരേഷ് പറഞ്ഞതോടെയാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ചെയര്‍പേഴ്‌സണും തമ്മില്‍ തര്‍ക്കം തുടങ്ങിയത്.
ബഹളം രൂക്ഷമായതോടെ കോണ്‍ഗ്രസിലെ ബിജു. സി. ബേബിയെയും തോമസിനെയും ചെയര്‍പേഴ്‌സണ്‍ സസ്‌പെന്‍ഡ് ചെയ്തു. ഇവരോട് കൗണ്‍സില്‍ ഹാളില്‍ നിന്ന് പുറത്ത് പോകാന്‍ ചെയര്‍പേഴ്‌സണ്‍ ആവശ്യപ്പെട്ടെകിലും പോലീസെത്തിയാല്‍ മാത്രമേ പുറത്ത് പോകൂ എന്ന നിലപാടില്‍ ഉറച്ച് നിന്നതോടെ കൗണ്‍സില്‍ അജണ്ട വായിക്കാനാരംഭിച്ചു.
എന്നാല്‍ അജണ്ട ചര്‍ച്ചെയ്യുന്നത് തടസപ്പെടുത്തി വീണ്ടും ഇരു കൗണ്‍സിര്‍മാരും ബഹളം തുടര്‍ന്നതോടെ യോഗം ബെല്ലടിച്ച് അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടെ പ്രമേയം കൊണ്ട് വരുമ്പോള്‍ വിമത കോണ്‍ഗ്രസ് മാന്യത പുലര്‍ത്തണമെന്ന് ഔദ്യോഗിക കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞു.
വിമത കോണ്‍ഗ്രസ് സി. പി. എം ന്റെ അടിമ കോണ്‍ഗ്രസ് ആവരുതെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ കുറ്റപ്പെടുത്തി. ബി.ജെപിയെ കൂട്ടുപിടിച്ച മുന്‍ നേതാക്കന്‍മാരായ കെ. സി. ബാബു. ഇട്ടിമാത്യു തുടങ്ങിയ നേതാക്കള്‍ കാണിച്ച് തന്ന മാതൃകയാണ് ഇപ്പോള്‍ തങ്ങളും പിന്‍ തുടരുന്നതെന്ന് വിമത കോണ്‍ഗ്രസ് അംഗം ഷാജി ആലിക്കല്‍ തിരിച്ചടിച്ചു.

RELATED STORIES

Share it
Top