കുന്ദമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട: യുവാവ് അറസ്റ്റില്‍

കുന്ദമംഗലം: കുന്ദമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട .100 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കോഴിക്കോട് പന്നിയങ്കര പയ്യാനക്കല്‍ ഞാറംകണ്ടി വീട്ടില്‍ അക്ഷയ് (22) നെയാണ് കുന്ദമംഗലം റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ജുനൈദും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ സിഡബ്ലിയുആര്‍ഡിഎംന് സമീപമുള്ള ബസ്സ്— കാത്തിരിപ്പ് കേന്ദ്രത്തില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.
കഴിഞ്ഞ ദിവസം നാലു കിലോ കഞ്ചാവുമായി കഞ്ചാവ് മൊത്ത വിതരണക്കാരനായ കല്ലായി എരഞ്ഞിക്കല്‍ സ്വദേശി വഴിപോക്ക് പറമ്പില്‍ രജീസ് (35)നെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങി ചില്ലറ വില്‍പന നടത്തുന്നവരെ കുറിച്ച് അന്വേഷണം നടത്തിവരികെയാണ് അക്ഷയ് പിടിയിലാകുന്നത്. പ്രളയത്തെ തുടര്‍ന്ന് കുന്ദമംഗലം എക്‌സൈസ് റെയിഞ്ച് ഓഫിസ് വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ കുന്ദമംഗലത്തും പരിസരത്തും മദ്യ മയക്കുമരുന്ന് മാഫിയ സജീവമായിരുന്നു.
സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ്— ഇന്നലെ അറസ്റ്റിലായ അക്ഷയ്. മൊത്ത വിതരണക്കാരെ പിടികൂടാന്‍ സാധിച്ചതോടെ ചില്ലറ വില്‍പനക്കായി ഇയാള്‍ കഞ്ചാവ് എത്തിക്കുന്ന സംഘത്തെ കുറിച്ച് എക്‌സൈസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്—. കൂടാതെ ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങി ഉപയോഗിക്കുന്നവരെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. സംശയമുള്ളവരെ കുറിച്ചും മുമ്പ് കേസില്‍പെട്ട് പുറത്തിറങ്ങിയവരേയും എക്‌സൈസ് നിരീക്ഷിച്ച്‌വരികയാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കുന്ദമംഗലം റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജുനൈദ്, അസി ഇന്‍സ്‌പെക്ടര്‍ രമേശ്ടി, പ്രിവന്റീവ് ഓഫിസര്‍മാരായ ഹരീഷ്, പ്രിയരഞ്ജന്‍ ദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റെജി എം, ജിനീഷ് എഎം, സുരേഷ് ബാബു, സന്തോഷ്— ചെറുവോട്ട്, ഡ്രൈവര്‍ സന്തോഷ്— എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top