കുതിരാന്‍ തുരങ്ക നിര്‍മാണം അവസാനഘട്ടത്തില്‍

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയില്‍ കുതിരാനില്‍ നിര്‍മിക്കുന്ന ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ നിര്‍മാണ പ്രവൃത്തി അവസാന ഘട്ടത്തിലേക്ക്. 962 മീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ ടാറിങ് പൂര്‍ത്തിയായിട്ടുണ്ട്. നൂറ് മീറ്റര്‍ ദൂരത്തില്‍ ഇരുവശങ്ങളിലും ഓരോ മീറ്റര്‍ വീതമുള്ള കോണ്‍ക്രീറ്റിങ് മാത്രമാണ് ഇനി ബാക്കിയുള്ളത്.
തുരങ്കത്തിനുള്ളില്‍ എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിക്കുന്നത് പുരോഗമിക്കുന്നുണ്ട്. പല വാട്ട്‌സ് കളിലുള്ള എഴുനൂറോളം ലൈറ്റുകളാണ് ഒരു തുരങ്കത്തിനുള്ളില്‍ സ്ഥാപിക്കുക. 30, 60, 100, 150 വാട്ട്‌സ് കളിലുള്ള ലൈറ്റാണ് സ്ഥാപിക്കുന്നത്. കൂടാതെ ഇരുവശങ്ങളിലുള്ള ഓവുചാലുകളുടെ പ്രവൃത്തിയും പൂര്‍ത്തിയായിട്ടുണ്ട്.
ആദ്യ തുരങ്കത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ റോഡുകളുടെ നിര്‍മാണവും തുരങ്കത്തില്‍ നിന്നും പുറത്തേക്ക് കടക്കുന്ന ഭാഗത്തെ റോഡുകളുടെ നിര്‍മാണവും പൂര്‍ത്തിയാവാനുണ്ട്. തുരങ്കത്തില്‍ നിന്നും പുറത്ത് കടക്കുന്ന വഴുക്കുംപാറ ഭാഗത്ത് മലയില്‍ നിന്നും വരുന്ന വെള്ളം ഒഴുകി പോവുന്നതിനു വേണ്ടി വലിയ ഓടയും നിര്‍മിക്കാനുണ്ട്. ഈ ജോലികള്‍ പൂര്‍ത്തിയായാല്‍ ഈമാസം രണ്ടാം വാരത്തോടെ ആദ്യ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കും. രണ്ടാം തുരങ്കത്തില്‍ ഗാന്‍ട്രി കോണ്‍ക്രീറ്റാണ് ഇപ്പോള്‍ നടക്കുന്നത്. 50ശതമാനം പ്രവൃത്തികള്‍ മാത്രമാണ് ഇതില്‍ പൂര്‍ത്തിയായത്. ഒന്നാം തുരങ്ക നിര്‍മാണം പൂര്‍ത്തിയായി കൂടുതല്‍ യന്ത്രസാമഗികള്‍ ഉപയോഗിച്ച് അതിവേഗം പ്രവൃത്തി പൂര്‍ത്തികരിച്ചാ ല്‍ രണ്ടാം തുരങ്കം മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ ഗതാഗതത്തിന് തുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2016 മെയ് മാസത്തിലാണ് ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ ദേശീയപാതാ തുരങ്കം നിര്‍മാണം ആരംഭിച്ചത്. ഒരു വര്‍ഷത്തിനകം തന്നെ തുരങ്ക നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും തൊഴിലാളികളുടെയും പ്രദേശവാസികളുടെയും സമരങ്ങളും പ്രതിഷേധങ്ങളെയും തുടര്‍ന്ന് ജോലി ഇടയ്ക്ക് നിര്‍ത്തിവയ്‌ക്കേണ്ടി വന്നതിനാല്‍ വൈകുകയായിരുന്നു. വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപാതാ കരാറെടുത്തിരിക്കുന്ന കെഎന്‍സി കമ്പനി കൊങ്കണ്‍ തുരങ്ക പാതാ ഉള്‍പ്പെടെ നിര്‍മിച്ച് പ്രവൃത്തി പരിചയമുള്ള പ്രഗതി കമ്പനിക്ക് ഉപകരാര്‍ നല്‍കുകയായിരുന്നു.
തുരങ്ക നിര്‍മാണം പൂര്‍ണമായും പ്രഗതി കമ്പനിയുടെ നിയന്ത്രണത്തിലാണെങ്കിലും ആദ്യ തുരങ്കത്തിലെ ടാറിങ് കെഎന്‍സി കമ്പനിയുടെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്. തുരങ്കത്തിലൂടെ ഗതാഗതം ആരംഭിച്ചാല്‍ ദേശീയ പാതയില്‍ ഇന്നുണ്ടാകുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ കഴിയും. സമാപകാലം വരെ ഇഴഞ്ഞ് നീങ്ങിയിരുന്ന ദേശീയപാതാ നിര്‍മാണവും ഇപ്പോള്‍ വേഗത്തിലായിട്ടുണ്ട്.

RELATED STORIES

Share it
Top