കുണ്ടും കുഴികളുമായി കിടന്നിരുന്ന മുതുവറ റോഡിന് ഒടുവില്‍ ശാപമോക്ഷം

മുതുവറ: മഴക്കാലമായാല്‍ വെള്ളക്കെട്ടും തുടര്‍ന്ന് കുണ്ടും കുഴികളുമായി കിടന്നിരുന്ന മുതുവറ റോഡിന് ഒടുവില്‍ ശാപമോക്ഷം. തൃശൂര്‍- കോഴിക്കോട് സംസ്ഥാനപാതയിലെ മുതുവറ ഭാഗം വാഹനയാത്രക്കാര്‍ക്ക് ഏറെക്കാലമായി ദുരിതമായിരുന്നു സമ്മാനിച്ചിരുന്നത്.
നേരത്തെ പൂങ്കുന്നം മുതല്‍ ചുണ്ടല്‍ വരെയുള്ള റോഡ് നാലുവരിപാതയാക്കിയെങ്കിലും താഴ്ന്ന പ്രദേശമായ മുതുവറ റോഡ് യാത്രക്കാര്‍ക്ക് എന്നും ദുരിതമായിരുന്നു. തകര്‍ന്ന റോഡ് പലതവണ ടാര്‍ ചെയ്ത് പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും ഫലം വിപരീതമായിരുന്നു. ദുരിതപൂര്‍ണമായ മുതുവറ റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമായതോടെയാണ് എംഎല്‍എ അനില്‍അക്കര ഇടപെട്ട് മുതുവറ റോഡിന്റെ ദുരിതയാത്രയ്ക്ക് ശാപമോക്ഷം തേടി പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചത്.
റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി കാന നിര്‍മ്മിക്കാന്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുടെ ഭാഗത്തു നിന്ന് എതിര്‍പ്പ് ഉയര്‍ന്നുവെങ്കിലും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും മുതുവറ റോഡില്‍ ടാറിങ്ങിന് പകരം കോണ്‍ക്രീറ്റ് ബ്രിക്‌സ് വിരിക്കുകയുമായിരുന്നു. 3 കോടി രൂപയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്.
കഴിഞ്ഞ നവംബറിലാണ് മുതുവറ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 3 ഘട്ടത്തിലായാണ് 420 മീറ്റര്‍ കോണ്‍ക്രീറ്റ് കട്ട വിരി പൂര്‍ത്തിയാക്കിയത്. മുതുവറ റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായതോടെ പുഴയ്ക്കല്‍ പാലത്തിന്റെ നിര്‍മ്മാണവും അതിവേഗത്തിലാക്കാനാണ് നീക്കം.

RELATED STORIES

Share it
Top