കുണ്ടാല പ്ലൈവുഡ് ഫാക്ടറി: ആരോപണത്തില്‍ കഴമ്പില്ലെന്ന്

കല്‍പ്പറ്റ: കുണ്ടാല ഐഡിയല്‍ വുഡ് ഇന്‍ഡസ്ട്രീസ് എന്ന പ്ലൈവുഡ് ഫാക്ടറി മുഖേന പ്രദേശവാസികള്‍ ദുരിതത്തിലായെന്ന വാര്‍ത്തകള്‍ വാസ്തവിരുദ്ധമാണെന്നും ഇതിനു പിന്നില്‍ സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ പിരിച്ചുവിട്ട മാനേജരാണെന്നും നാട്ടുകാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്‍ മാനേജര്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ശല്യം ചെയ്യുന്നതു തുടരുകയും ചെയ്തതിനെ തുടര്‍ന്നാണ് പിരിച്ചുവിട്ടത്. ഇതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. കഴിഞ്ഞ രണ്ടു വര്‍ഷമായി വളരെ നല്ല രീതിയില്‍ നടത്തുകയും പ്രവര്‍ത്തനം തുടങ്ങി ആറുമാസത്തിനുള്ളില്‍ പാരിസ്ഥിതിക സൗഹൃദ അവാര്‍ഡും ഒന്നര വര്‍ഷത്തിനുള്ളില്‍ ഐഎസ്ഒ, ഐഎസ്‌ഐ അംഗീകാരങ്ങളും നേടിയ ഫാക്ടറിക്കെതിരേ ഇപ്പോള്‍ പെട്ടെന്നു പ്രശ്‌നങ്ങളുണ്ടാക്കുന്നതിന് പിന്നില്‍ ശക്തമായ ഗൂഢാലോചനയുണ്ട്. അയല്‍വാസികള്‍ക്കോ പ്രദേശവാസികള്‍ക്കോ ഫാക്ടറിയുടെ പ്രവര്‍ത്തനം മൂലം യാതൊരു ശല്യവുമില്ല. ഫാക്ടറിക്ക് പുറത്തേക്ക് മലിനജലമോ രാസവസ്തുക്കളോ ഒഴുകുന്നില്ല. പരിസരത്ത് യാതൊരു ദുര്‍ഗന്ധവുമില്ല. നാളിതുവരെ ഫാക്ടറി പരിസരത്തെ കുടിവെള്ളം അശുദ്ധമായിട്ടുമില്ല. ആര്‍ക്കെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുള്ളതായി അറിയില്ലെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷമായി പനമരം കരിമ്പുമ്മലില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയോട് ചേര്‍ന്നാണ് ഫാക്ടറി ഉടമകളും സഹോദരങ്ങളും തൊഴിലാളികളും മറ്റും താമസിക്കുന്നത്. കരിമ്പുമ്മല്‍, തരുവണ, പാലിയണ ഉള്‍പ്പെടെ മാനന്തവാടി താലൂക്കില്‍ നാല് പ്ലൈവുഡ് ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെങ്ങളിലൊന്നും പ്രശ്‌നങ്ങളില്ല. കുണ്ടാലയുടെ മുഖച്ഛായ മാറ്റിയ ഫാക്ടറിക്കെതിരേ കെട്ടിച്ചമച്ച ആരോപണങ്ങളുണ്ടുന്നയിക്കുന്നവര്‍ നാടിന്റെ വികസനവിരോധികളാണെന്ന് അവര്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മേക്കായി ഉസ്മാന്‍ കുണ്ടാല, കെ അബു, മൊയ്തു ആലി ഹസന്‍, മഞ്ഞപ്പാറ ഇബ്രാഹീം, നിയാസ്, കൊച്ചുപുരക്കല്‍ ജബ്ബാര്‍, പി ജിതിന്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top