കുണിയന്‍ തോട്ടില്‍ ഉപ്പുവെള്ള പ്രതിരോധ തടയണക്ക് 62.30 ലക്ഷം അനുവദിച്ചു

പയ്യന്നൂര്‍: മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ ഉപ്പുവെള്ള പ്രതിരോധ ബണ്ടുകള്‍ നിര്‍മിക്കണമെന്ന ആവശ്യം യാഥാര്‍ഥ്യമാവുന്നു. കരിവെള്ളൂര്‍ പെരളം പഞ്ചായത്തിലെ കുണിയന്‍ പടിഞ്ഞാറെ തോടിന് കുറുകെ ഉപ്പുവെള്ള പ്രതിരോധ തടയണ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ 62.30 ലക്ഷം രൂപ അനുവദിച്ചു. ചലിയപ്പള്ളി മുങ്ങം പാലത്തിന് ഇടതുഭാഗത്ത് 22 മീറ്റര്‍ നീളത്തില്‍ മൂന്നടി വീതിയുള്ള നടപ്പാലം നിര്‍മിക്കും. 1.80 മീറ്റര്‍ ഉയരത്തില്‍ ആറു തൂണുകളോടു കൂടിയ ഉപ്പുവെള്ള പ്രതിരോധ തടയണയും നിര്‍മിക്കും. സി കൃഷ്ണന്‍ എംഎല്‍എയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് ഹരിത കേരള മിഷന്‍ പദ്ധതിയില്‍പ്പെടുത്തി ജലവിഭവ വകുപ്പാണ് തുക അനുവദിച്ചത്. കുണിയന്‍ പ്രദേശത്തെ ഉപ്പുവെള്ളം കയറി ഉപയോഗശൂന്യമായ 52 ഹെക്റ്റര്‍ കൃഷിഭൂമി കൃഷിയോഗ്യമാക്കാന്‍ ഇതോടെ സാധിക്കും. കുണിയന്‍ തോടിന് കുറുകെ ബണ്ട് ആവശ്യമാണെന്നു അധികൃതര്‍ നേരത്തെ കണ്ടെത്തിയിരുന്നു. മുങ്ങം പാലത്തിനു സമീപത്തെ ക്രോസ്ബാര്‍ കാലപ്പഴക്കത്താല്‍ നശിച്ചിരിക്കുകയാണ്. ബണ്ട് നന്നാക്കി എടുക്കുന്നതിനേക്കാള്‍ കിഴക്കുഭാഗത്തായി ഉപ്പുവെള്ള പ്രതിരോധ തടയണ നിര്‍മിക്കുന്നതാണ് ഫലപ്രദം. ഈ രണ്ടു പ്രവൃത്തികള്‍ സംബന്ധിച്ച് ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍ അന്വേഷണം നടത്തുകയും റിപോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്.

RELATED STORIES

Share it
Top