കുട്ടിയെ മുറ്റത്ത് കണ്ടെത്തിയ സംഭവം: പോലിസ് അന്വേഷണം ആരംഭിച്ചു

മൂവാറ്റുപുഴ: പല്ലാരിമംഗലം പുലിക്കുന്നേപ്പടി ഭാഗത്ത് തൊട്ടിലില്‍ ഉറങ്ങിക്കിടന്ന മൂന്നുമാസം പ്രായമുള്ള കുട്ടിയെ മുറ്റത്ത് കണ്ടെത്തിയ സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.  കുട്ടിയെ  ഉറക്കിക്കിടത്തിയ ശേഷം അടുക്കളയില്‍ പോയ മാതാവ് തിരികെവന്ന് നോക്കിയപ്പോള്‍ കുട്ടിയെ തൊട്ടിലില്‍ കാണാതെ വരികയും ഇവര്‍  പരിഭ്രാന്തയായി വീടിന് ചുറ്റും അന്വേഷിക്കുന്നതിനിടെ മുറ്റത്ത് കിടത്തിയ  നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയുമായിരുന്നു. വീട്ടുമുറ്റത്ത് മറ്റൊരു ഭാഗത്ത് നിന്നിരുന്ന മുത്തശ്ശിയും കുഞ്ഞിനെ എടുത്തില്ലെന്നറിഞ്ഞതോടെ നാട്ടുകാര്‍ ഒന്നടങ്കം കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ഏതോ സംഘത്തിന്റെ  ശ്രമമാണെന്ന നിഗമനത്തില്‍ തിരച്ചില്‍ ആരംഭിച്ചു. കുഞ്ഞ് കരഞ്ഞപ്പോള്‍  ഉപേക്ഷിച്ചു പോയതാകാമെന്നാണ് നാട്ടുകാരുടെ പക്ഷം. സമീപ പ്രദേശത്ത് ആക്രിസാധനങ്ങള്‍ വാങ്ങാനെത്തിയ തമിഴ് യുവതിയെ സംശയിച്ച്  നാട്ടുകാരും പോലിസും ചോദ്യംചെയ്‌തെങ്കിലും അവര്‍ നിരപരാധിത്വം അറിയിച്ചതായി പോലിസ് പറഞ്ഞു.  മാത്രമല്ല, 15 വര്‍ഷമായി  കുടുംബമായി ഇവിടെ താമസമാക്കിയ ഇവര്‍ ഇക്കാലയളവില്‍ മുഴുവന്‍ ഈ പ്രദേശങ്ങളില്‍ പതിവായി ആക്രിസാധനങ്ങള്‍  വാങ്ങാനെത്തിയിട്ടുള്ളതും ഏതെങ്കിലും കുറ്റകൃത്യത്തില്‍ പങ്കാളിയാകാത്തതുമാണെന്ന്്   നാട്ടുകാര്‍ക്കിടയില്‍ അഭിപ്രായം ഉയര്‍ന്നതോടെ  ഇവരെ  വിട്ടയക്കുകയായിരുന്നു. സംഭവത്തിലെ ദുരൂഹത പരിഹരിക്കാന്‍ വേണ്ടി കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് പോത്താനിക്കാട് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top