കുട്ടിയെ തട്ടികൊണ്ടുപോയ കേസില്‍ 10 വര്‍ഷം കഠിന തടവ്

പത്തനംതിട്ട: കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ആന്ധ്രപ്രദേശ് കടപ്ര മേരിനഗറില്‍ ശിവന്റെ ഭാര്യ ചിറ്റമ്മയെ (35) പത്തനംതിട്ട ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എന്‍ ഹരികുമാര്‍ ശിക്ഷിച്ചു. പത്തുവര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയൊടുക്കാനുമാണ് ശിക്ഷ. പിഴയൊടുക്കാത്ത പക്ഷം ആറുമാസം കൂടി പ്രതി കഠിനതടവ് അനുഭവിക്കണം. ഇവരോടൊപ്പം കേസില്‍ പ്രതിയായിരുന്ന ആന്ധ്രപ്രദേശ് സ്വദേശി രാജനെ വെറുതെവിട്ടു. 2014 ജനുവരി 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിയുടെ അഞ്ചുവയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടത്തിനുപയോഗിച്ചുവെന്ന കേസിലാണ് വിധി. ആറുമാസത്തിനുശേഷം തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷാടനത്തിനുപയോഗിച്ച കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപെടുത്തി. കുട്ടിയുടെ അമ്മയെന്നവകാശപ്പെട്ട ചിറ്റമ്മയെന്ന ആന്ധ്രപ്രദേശ് സ്വദേശിയുടെ മൊഴിയില്‍ സംശയം തോന്നിയ അധികൃതര്‍ കുട്ടിയെ അവരോടൊപ്പം അയച്ചില്ല. രേഖകള്‍ ഹാജരാക്കാമെന്നു പറഞ്ഞു പോയ അവര്‍ പിന്നീടു മടങ്ങിവന്നതുമില്ല. കുട്ടി ശിശുസംരക്ഷ ഭവനില്‍ തുടരുകയായിരുന്നു. ഇതിനിടയില്‍ അറസ്റ്റിലായ രാജന്‍ നല്‍കിയ വിവരം അനുസരിച്ച് ആന്ധ്രയിലെ കടപ്പയില്‍ നിന്നു ചിറ്റമ്മയെ പോലീസ് അറസ്റ്റു ചെയ്തു. ഇവരുടെ മൊഴിയനുസരിച്ച് പോലീസ് തിരുവനന്തപുരത്തെത്തി കുട്ടിയെ തിരിച്ചറിഞ്ഞു. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ എട്ടു സാക്ഷികളെ കോടതി മുമ്പാതെ വിസ്തരിച്ചു. തിരുവല്ല പോലീസ് എസ്‌ഐ ആയിരുന്ന ടി കെ വിനോദ് കുമാര്‍, വി രാജീവ് എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

RELATED STORIES

Share it
Top