കുട്ടിയുടെ സ്വത്വം വെളിപ്പെടുത്തിയെന്ന് മാധ്യമങ്ങള്‍ക്കു ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്‌

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കത്‌വ ജില്ലയില്‍ പോലിസുകാരും ക്ഷേത്ര പൂജാരിയും സംഘവും ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ എട്ടു വയസ്സുകാരിയുടെ പേരു വിവരങ്ങള്‍ പ്രസിദ്ധീകരിച്ച മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. പത്രങ്ങളിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും കുട്ടിയുടെ പേരു വിവരങ്ങളും ചിത്രവും പ്രസിദ്ധീകരിച്ചുവെന്നതിനെ തുടര്‍ന്ന്  ഡല്‍ഹി ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി ഹരി ശങ്കര്‍ എന്നിവരുടെ ബെഞ്ചാണ് വിവിധ മാധ്യമ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ചത്.
ഇക്കാര്യത്തില്‍ നടപടിയെടുക്കാത്തതിന് കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് െൈഹക്കോടതി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യ, റിപബ്ലിക് ടിവി,  സിഎന്‍എന്‍ ന്യൂസ് 18, ഡക്കാന്‍ ക്രോണിക്കിള്‍, ഇന്ത്യ ടിവി,  ഹിന്ദുസ്ഥാന്‍ ടൈംസ്, എന്‍ഡിടിവി, ദ ഹിന്ദു, ദ വീക്ക് അടക്കം വിവിധ മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയച്ചത്. കേസില്‍ ഈ മാസം 17ന് വാദം കേള്‍ക്കും. കേസില്‍ കോടതിയെ സഹായിക്കുന്നതിനായി മുതിര്‍ന്ന അഭിഭാഷകനായ അരവിന്ദ് നിഗമിനെ അമിക്കസ് ക്യൂറിയായി കോടതി നിയോഗിച്ചു. ഇരയുടെ വ്യക്തിപരമായ വിവരങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകളുടെയും കുട്ടികളുടെ ക്ഷേമത്തിനെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ വനിതാ കമ്മീഷന്‍, കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മീഷന്‍(എന്‍സിപിസിആര്‍). ഡല്‍ഹി വനിതാ കമ്മീഷന്‍ തുടങ്ങിയ സംഘടനകളും അതോറിറ്റികളും മാദ്ധ്യമങ്ങള്‍ നിയമവിരുദ്ധമായി ഇരയുടെ പേര് പ്രസിദ്ധീകരിച്ചതിനെതിരെ  പരാതിപ്പെടാതിരുന്നത് വേദനാജനകമാണെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍ പറഞ്ഞു.

RELATED STORIES

Share it
Top