കുട്ടിത്തം വിടും മുമ്പേ കടലിലേക്ക്; വിനീഷിന്റെ വരവും പ്രതീക്ഷിച്ച് തീരം

ശ്രീജിഷ  പ്രസന്നന്‍

ഈ  ഉടുപ്പ് മാമന്‍ എടുത്തോ. എനിക്ക് തണുക്കുന്നില്ല- മറിഞ്ഞുവീണ് ആടിയുലഞ്ഞ ബോട്ടില്‍ പിടിച്ചുകിടക്കുന്നതിനിടെ വിനീഷ് പറഞ്ഞ വാക്കുകള്‍ മുത്തപ്പന്റെ മനസ്സില്‍ നിന്ന് മായുന്നില്ല. അകലെയൊരു ബോട്ടിന്റെ നിഴല്‍പ്പാടു കണ്ടപ്പോള്‍ അതിനടുത്തേക്ക് നീന്താന്‍ വിനീഷും സാബുവുമാണ് എനിക്ക് ധൈര്യം തന്നത്. തണുത്തുവിറച്ച എന്റെ കൈകുഴഞ്ഞാല്‍ താങ്ങിയെടുക്കാനാണ് അവര്‍ എനിക്കു തൊട്ടുപിന്നിലായി നീന്തിയത്. ബോട്ടിനടുത്ത് എത്തിയപ്പോഴാണ് ആ വിളി ഞാന്‍ കേട്ടത്. 'മാമാ, എന്നെയൊന്നു പിടിക്ക്...' തിരിഞ്ഞുനോക്കുമ്പോള്‍ എന്റെ മക്കള്‍ രണ്ടു പേരും ചുഴിയില്‍ വട്ടം കറങ്ങുന്നു! അവര്‍ നീന്തിവരും, വരാതെ പറ്റില്ലല്ലോ... മുത്തപ്പന്‍ പ്രതീക്ഷയോടെ പറയുന്നുണ്ടെങ്കിലും രക്ഷപ്പെട്ടവരില്‍ വിനീഷും സാബുവുമില്ല. 16 വയസ്സു തികഞ്ഞിട്ടില്ല വിനീഷിന്. രണ്ടു വര്‍ഷമായി കടലില്‍ പോകുന്ന അവനാണ് വീടിന്റെ അത്താണി. സുഖമില്ലാത്ത അച്ഛനും മൂന്ന് ജ്യേഷ്ഠ സഹോദരന്‍മാരും ഉള്‍പ്പെടുന്ന കുടുംബത്തെ പോറ്റിയിരുന്ന 'മീശ മുളയ്ക്കാത്ത കുടുംബനാഥന്‍.' ചെറുപ്പം മുതല്‍ കടലിനോട് കൂട്ടുകൂടിയിരുന്ന അവനെ കടലമ്മയെടുക്കുമെന്ന് തീരം ഇപ്പോഴും വിശ്വസിക്കുന്നില്ല. കടലില്‍ പോകാനായി സ്‌കൂള്‍ജീവിതം പോലും വിനീഷ് ഉപേക്ഷിച്ചു. മൂന്നാം ക്ലാസ് വരെ മാത്രമേ അവന്‍ പഠിച്ചിട്ടുള്ളൂ. അനുജനെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോള്‍ 20കാരന്‍ സ്‌റ്റെവിന്റെ കണ്ണുകള്‍ നിറഞ്ഞു. വിനീഷിനൊപ്പം ഇടയ്‌ക്കൊക്കെ കടലില്‍ പോവാറുണ്ടെങ്കിലും സ്‌റ്റെവിന്‍ കുടുംബത്തിന്റെ ചുമതലകള്‍ ഏറ്റെടുത്തിരുന്നില്ല. അതിന്റെ കുറ്റബോധവും സ്‌റ്റെവിനെ വേട്ടയാടുന്നു. വിനീഷിനെ പോലെയാവാന്‍ എനിക്കും അനുജന്‍മാരായ സ്റ്റെഫിനും സ്റ്റെജിനും സാധിക്കില്ല; അവന്‍ വന്നെങ്കില്‍... എന്നു പറയുമ്പോള്‍ അച്ഛന്‍ വിന്‍സെന്റും പൊട്ടിക്കരഞ്ഞു. 28 നോട്ടിക്കല്‍ മൈല്‍ അകലെവച്ചാണ് വിനീഷിനെ കടലില്‍ കാണാതാവുന്നത്. സാധാരണയായി പണിക്കു പോകുന്ന ജലാല്‍ ബോട്ടില്‍ തന്നെയാണ് അന്നും അവര്‍ പോയത്. തിരികെയെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ അവനെ നഷ്ടപ്പെട്ട വേദന തീരദേശത്തെയാകെ വേദനിപ്പിച്ചിട്ടുണ്ട്. അസുഖബാധിതനായതിനെ തുടര്‍ന്നാണ് വിന്‍സെന്റ് കടലില്‍ പണിക്കു പോവുന്നത് നിര്‍ത്തിയത്. അമ്മയില്ലാത്ത നാലു മക്കളുമൊത്ത് ചേര്യാമുട്ടത്തെ വീട്ടില്‍ താമസിച്ച ദിവസങ്ങളിലൊന്നും വിന്‍സെന്റ് കരഞ്ഞിട്ടില്ല. ഓഖി ചുഴലിക്കാറ്റ് വീശിയ ശേഷം ഇപ്പോഴും നിറമിഴികളുമായി വിന്‍സെന്റ് കടലിലേക്ക് നോക്കിയിരിപ്പാണ്. വിദൂരതയില്‍ നിന്നു മകന്‍ നീന്തിവരുന്നതും കാത്ത്. പൂന്തുറ പള്ളിയില്‍ നിന്ന് വിളിപ്പാടകലെയുള്ള വീടുകളിലെല്ലാം മരണവീടിനു സമാനമായി ദുഃഖം തളംകെട്ടി നില്‍ക്കുന്നു. ഒട്ടുമിക്ക വീടുകളുടെയും മുന്നില്‍ കാണാതായവരുടെ ചിത്രവും അണയാത്ത മെഴുകുതിരികളും. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി വീടിന്റെ പല കോണുകളില്‍ അവശരായി കിടക്കുന്നവര്‍. വീടുകളില്‍ അടുപ്പെരിയുന്നില്ല. മനസ്സുനിറഞ്ഞ് അല്‍പം പച്ചവെള്ളം കുടിച്ചിട്ട് നാളുകളായെന്നു പൂവാര്‍ പുല്ലുവിള സ്വദേശിനി മേരി പറയുന്നു. കടലില്‍ പ്രിയപ്പെട്ടവര്‍ക്ക് വിശപ്പടങ്ങിയിട്ടുണ്ടാവില്ലല്ലോ എന്ന പറച്ചിലില്‍ പ്രിയപ്പെട്ടവര്‍ തിരികെയെത്തുമെന്ന അവസാന പ്രതീക്ഷ ഇനിയുമുണ്ട്. വെട്ടുകാടു നിന്നു കടലില്‍ പോയി കാണാതായ അഞ്ചു പേരുടെയും കൊച്ചുവേളിയില്‍ നിന്നു കാണാതായ ഒരാളുടെയും തുമ്പയില്‍ നിന്നു കാണാതായ ആറു പേരുടെയും വീടുകളും ഉറ്റവരും വിറങ്ങലിച്ച് കഴിയുകയാണ്. കഴിഞ്ഞ 30ന് മല്‍സ്യബന്ധനത്തിനു പോയി ചുഴലിക്കാറ്റില്‍ പെട്ടവരെ രക്ഷപ്പെടുത്താന്‍ രണ്ടു വള്ളങ്ങളില്‍ പുറപ്പെട്ട പത്തംഗ സംഘത്തിലെ ഷിബു, ജയിംസ്, സോളമന്‍, എല്‍വിന്‍, തോമസ് ക്രൂസ് (റോയി) എന്നിവരെയാണ് വെട്ടുകാടു നിന്നു കാണാതായത്. അഞ്ചു പേര്‍ തിരികെയെത്തി. കൊച്ചുവേളിയി ല്‍ നിന്നു ജോണ്‍ ആല്‍ബര്‍ട്ട്, തുമ്പയില്‍ നിന്നും സിസില്‍ ഫെര്‍ണാണ്ടസ്, ജറാള്‍ഡ് കാര്‍ലോസ്, ജോര്‍ജ് കുമാര്‍, ജോണ്‍ മാനുവല്‍, ആന്റണി രാജപ്പന്‍, തോമസ് എന്നിവരെയും കാണാതായി. ഇതില്‍ ജറാള്‍ഡിന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഏകോപനം: എച്ച് സുധീര്‍(നാളെ: കൊടുങ്കാറ്റിലുലഞ്ഞ് പെണ്‍ജീവിതം; കഴുത്തുഞെരിച്ച് വട്ടിപ്പലിശ  ക്കാരും)

RELATED STORIES

Share it
Top