കുട്ടികള്‍ക്ക് സ്‌നേഹത്തണലൊരുക്കി ജില്ലാ ശിശുസംരക്ഷണ യൂനിറ്റ്

കല്‍പ്പറ്റ: ജില്ലാ ശിശുസംരക്ഷണ യൂനിറ്റിന്റെ സ്‌നേഹവീട്-2018 അവധിക്കാല പോറ്റിവളര്‍ത്തല്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റില്‍ എഡിഎം കെ എം രാജു നിര്‍വഹിച്ചു. അവധിക്കാലത്ത് സ്വഭവനത്തിലേക്ക് പോവാന്‍ സാധിക്കാത്ത ജില്ലയിലെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ കഴിഞ്ഞുവരുന്ന കുട്ടികള്‍ക്കാണ് വീടിന്റെ സ്‌നേഹത്തണലൊരുക്കി പോറ്റിവളര്‍ത്തുന്നതിനായി ജില്ലാ ശിശുസംരക്ഷണ യൂനിറ്റിന്റെ നേതൃത്വത്തില്‍ രക്ഷിതാക്കളെ കണ്ടെത്തി നല്‍കിയത്.
മാതൃ-പിതൃ വാല്‍സല്യത്തിന്റെ മാധുര്യം നുകര്‍ന്ന് മധ്യവേനലവധിക്കാലം ആഘോഷമാക്കാന്‍ എട്ടു കുട്ടികള്‍ക്ക് അവസരം ലഭിച്ചു.
ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ കെ കെ പ്രജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സാമൂഹികനീതി ഓഫിസര്‍ ഡാര്‍ലി ഇ പോള്‍, ജില്ലാ പ്രബേഷന്‍ ഓഫിസര്‍ അഷ്‌റഫ് കാവില്‍, ജയരാജന്‍ മാസ്റ്റര്‍, ജില്ലാ ശിശുസംരക്ഷണ യൂനിറ്റ് സ്ഥാപനേതര ഓഫിസര്‍ പി എം അസ്മിത, അഭികാമ്യ പ്രവര്‍ത്തകന്‍ എം വി അഖിലേഷ് സംസാരിച്ചു.

RELATED STORIES

Share it
Top