കുട്ടികള്‍ക്ക് നീതി തേടി അമീന്‍ ചവിട്ടിക്കയറിയത് ചരിത്രത്തിലേക്ക്

കരുനാഗപ്പള്ളി(കൊല്ലം): കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന കാലത്ത് അവരുടെ അവകാശസംരക്ഷണത്തിനായി വിദ്യാര്‍ഥിയുടെ വേറിട്ട പോരാട്ടം. കശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്ക് സൈക്കിളില്‍ യാത്ര ചെയ്താണ് കൊല്ലം സ്വദേശി അല്‍അമീന്‍ എന്ന ബിബിഎ വിദ്യാര്‍ഥി വേറിട്ട ബോധവല്‍ക്കരണ പരിപാടിയുമായി കരുനാഗപ്പള്ളിയില്‍ എത്തിയത്. ഡല്‍ഹി ജാമിയ മില്ലിയ കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ അല്‍ അമീന്‍ കൊല്ലം ആയൂരിലെ കാളവയല്‍ കുടുംബാംഗമാണ്.
ജൂണ്‍ രണ്ടിന് കശ്മീരില്‍ നിന്നും ആരംഭിച്ച യാത്ര 22 സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് കേരളത്തിലെത്തിയത്. അമീനൊപ്പം സഹപാഠിയായിരുന്ന ശിഖറം ശൈബാ എന്ന പെണ്‍കുട്ടിയുമുണ്ടായിരുന്നു. ഭിന്നശേഷിക്കാരിയായ ശൈബാ  രാജസ്ഥാനിലെ അജ്മീറില്‍ വച്ച് അപകടത്തില്‍ പരിക്കേറ്റ് പിന്‍മാറി.
മധ്യപ്രദേശിലെ ദുലൈയില്‍ വച്ച് വഴിതെറ്റി 500 കിലോമീറ്ററോളം അധികം യാത്ര ചെയ്യേണ്ടിവന്നതു യാത്രയിലെ കയ്‌പേറിയ അനുഭവമായിരുന്നുവെന്ന് അമീന്‍ പറഞ്ഞു. വനിതാ ശിശുവികസന വകുപ്പും ജില്ലാ ശിശുസംരക്ഷണ യൂനിറ്റുമാണ് യാത്രയ്ക്ക് ജില്ലയില്‍ നേതൃത്വം നല്‍കുന്നത്. പത്തനംതിട്ട കലക്ടര്‍ നൂഫ്ബാറയാണ് യാത്രയിലുടനീളം സഹായം നല്‍കിയതെന്ന് അമീന്‍ പറഞ്ഞു.
കരുനാഗപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നില്‍ നല്‍കിയ സ്വീകരണ പരിപാടി നഗരസഭാ വൈസ് ചെയര്‍മാന്‍ ആര്‍ രവീന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു.  21ന് യാത്ര തിരുവനന്തപുരത്തെത്തും.

RELATED STORIES

Share it
Top