കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം: മാധ്യമങ്ങളുടെ ഇടപെടല്‍ അനിവാര്യമെന്ന്

കാസര്‍കോട്്്: കുട്ടികള്‍ക്കെതിരായ ലൈംഗീക അതിക്രമങ്ങളില്‍ നീതി നടപ്പിലാക്കിയാല്‍ മാത്രംപോരാ അതു നടപ്പിലാക്കുന്നുവെന്നു സമൂഹത്തിനു ബോധ്യമുണ്ടാകണമെങ്കില്‍ മാധ്യമങ്ങളുടെ ശക്തമായ ഇടപെടല്‍ ആവശ്യമാണെന്ന് അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജ് പി എസ് ശശികുമാര്‍ പറഞ്ഞു.
പ്രസ് ക്ലബില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസ് ക്ലബിന്റെ സഹകരണത്തോടെ നടത്തിയ ലൈംഗീക അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമം (പോക്‌സോ) സംബന്ധിച്ചു മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലൈംഗീക ഉപദ്രവങ്ങള്‍ക്ക് ഇരയാകുന്ന പെണ്‍കുട്ടി, കുറ്റവാളിക്കെതിരെ ധൈര്യപൂര്‍വം മൊഴിനല്‍കിയാല്‍ പിന്നീട് ആ കുട്ടിക്ക് ജീവിതത്തില്‍ ആരില്‍ നിന്നും ഒരു നോട്ടം കൊണ്ടുപോലും ഉപദ്രവമുണ്ടാകില്ല. പെണ്‍കുട്ടി ധൈര്യപൂര്‍വം നിന്നാല്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും പീനല്‍ നിയമങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ളതാണ് പോക്‌സോ നിയമമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കെതിരെ ലൈംഗീക അതിക്രമങ്ങള്‍ ചെയ്യുന്ന കുറ്റവാളികള്‍ക്ക് നല്‍കുന്ന കഠിനശിക്ഷയെക്കുറിച്ചു സമൂഹത്തിന് അവബോധമുണ്ടാക്കുവാന്‍ മാധ്യങ്ങളുടെ ഇടപെടലിലൂടെ മാത്രമേ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.
പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ ലൈംഗീക അതിക്രമത്തിന് ഇരയായതായി വിവരം ലഭിച്ചാല്‍ അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതെ മറച്ചുവച്ചാല്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് സബ് ജഡ്ജിയും ഡിഎല്‍എസ്എ സെക്രട്ടറിയുമായ ഫിലിപ്പ് തോമസ് പറഞ്ഞു. ടി എ ശാഫി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്്ടര്‍ കെ ജീവന്‍ബാബു, ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ പി ബിജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ വി സുഗതന്‍, ജില്ലാ ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാധുരി എസ് ബോസ്, നാരായണന്‍ പേരിയ, വി വി പ്രഭാകരന്‍, എം ഉദയകുമാര്‍, മധു മുതിയക്കാല്‍, വിനോദ് പായം, സണ്ണിജോസഫ് സംസാരിച്ചു.

RELATED STORIES

Share it
Top