കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍; ജാഗ്രത പുലര്‍ത്തണമെന്നു സെമിനാര്‍

സുല്‍ത്താന്‍ ബത്തേരി: ജില്ലയില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മാതാപിതാക്കളും സമൂഹവും മാധ്യമങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നടത്തിയ സെമിനാര്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം ഒരു പോലിസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം 12ഓളം പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്ത് ഏറ്റവും കുറവ് പോക്‌സോ കേസുകളാണ് കഴിഞ്ഞ വര്‍ഷം വരെ ജില്ലയിലുണ്ടായിരുന്നതെങ്കിലും ഇപ്പോഴത്തെ സ്ഥിതി ആശങ്കാജനകമാണ്.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍, ബാലവിവാഹം തുടങ്ങിയവ ആദിവാസി വിഭാഗങ്ങള്‍ക്കിടയിലായിരുന്നു മുമ്പ് കൂടുതലെങ്കില്‍ ഇപ്പോള്‍ മറ്റു വിഭാഗങ്ങളിലും റിപോര്‍ട്ട് ചെയ്യുന്നുണ്ട്. മാറിയ സമൂഹത്തില്‍ കുട്ടികള്‍ ഉള്‍പ്പെട്ട കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നതും ജാഗ്രതയോടെയാവണം. പോക്‌സോ നിയമങ്ങളും ജുവനൈല്‍ ജസ്റ്റിസ് ആക്റ്റും നല്ലപോലെ മനസ്സിലാക്കി മാത്രമേ മാധ്യമങ്ങള്‍ വാര്‍ത്ത റിപോര്‍ട്ട് ചെയ്യാന്‍ പാടുള്ളൂ.
അതിക്രമങ്ങള്‍ക്കിരയാവുന്ന കുട്ടികളെക്കുറിച്ച് യാതൊരു സൂചനയും വാര്‍ത്തയില്‍ ഉണ്ടാവാന്‍ പാടില്ല. വാര്‍ത്ത റിപോര്‍ട്ട് ചെയ്യപ്പെടുന്നതുപോലെ തന്നെ നിയമനടപടികളില്‍ നിന്നും ഒഴിവാകുക എന്നതും ഒരു റിപോര്‍ട്ടറെ സംബന്ധിച്ച് പ്രാധാന്യമേറിയതാണ്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും മാധ്യമ ജാഗ്രതയും എന്ന വിഷയത്തില്‍ ജില്ലാ പ്രബേഷന്‍ ഓഫിസര്‍ അഷ്‌റഫ് കാവില്‍ ക്ലാസെടുത്തു. പോക്‌സോ നിയമം കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ശക്തമായ നിയമ നിര്‍മാണമാണ്. ഈ നിയമത്തിന് മാധ്യമങ്ങള്‍ കാവല്‍ നില്‍ക്കണം. ആദിവാസകള്‍ക്കിടയില്‍ പോക്‌സോ സംബന്ധിച്ച് ജില്ലയില്‍ കാര്യക്ഷമമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്കായുള്ള കരുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ എന്ന വിഷയത്തില്‍ കല്‍പ്പറ്റ ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം ക്ലാസെടുത്തു. അനുദിനം സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിക്കുകയാണ്.
ചെറിയൊരു അബദ്ധങ്ങള്‍ പോലും വലിയ വിലനല്‍കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. കുട്ടികള്‍ക്കിടയിലും കൗമാരക്കാര്‍ക്കിടയിലും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ശരിയായ ബോധവല്‍ക്കരണവും സ്വയം തിരിച്ചറിവുമാണ് വേണ്ടത്. സമൂഹമാധ്യമങ്ങള്‍ കൊടുങ്കാറ്റുപോലെയാണ് നല്ലതും ചീത്തയുമെല്ലാം പ്രചരിപ്പിക്കുക. കുട്ടികളെയും സ്ത്രീകളെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പകര്‍ത്തുന്നതും സൂക്ഷിക്കുന്നതും കുറ്റകരമാണ്. വിദ്യാലയങ്ങളിലും വീടുകളിലും പൊതു ഇടങ്ങളിലും പീഡനങ്ങള്‍ പെരുകുമ്പോള്‍ ജാഗ്രത തന്നയാണ് അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ബാലവാകാശ കമ്മീഷന്റെ ഇടപെടലുകളും മുന്നേറ്റങ്ങളും സംബന്ധിച്ച് ബാലവാകാശ കമ്മീഷന്‍ മുന്‍ അംഗം ഗ്ലോറി ജോര്‍ജ് വിഷയാവതരണം നടത്തി. ബാലാവാകാശ കമ്മീഷന്റെ കൃത്യമായ ഇടപെടലുകള്‍ കുട്ടികളുടെ അവകാശ സംരക്ഷണത്തിന് കേരളത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കി. വിദ്യാലയങ്ങള്‍ മുതല്‍ കോടതിയില്‍ വരെ അതുവരെ കുട്ടികളുടെ കാര്യങ്ങളില്‍ തുടര്‍ന്നു വരുന്ന രീതികള്‍ക്ക് കാതലായ മാറ്റം ഇതോടെ വന്നതായും ഈ അവകാശ സംരക്ഷണങ്ങള്‍ക്ക് മാധ്യമങ്ങള്‍ക്കും കാതലായ പങ്കുവഹിക്കാനുണ്ടെന്നും അവര്‍ പറഞ്ഞു.
ജാഗ്രതാ റിപോര്‍ട്ടിങ്, എഡിറ്റിങ്, ലേ ഔട്ട് എന്ന വിഷയത്തില്‍ വയനാട് പ്രസ്‌ക്ലബ്ബ് സെക്രട്ടറി പി ഒ ഷീജയും കുട്ടികളുമായി ബന്ധപ്പെട്ട ശരണബാല്യം പദ്ധതിയെക്കുറിച്ച് പ്രൊട്ടക്ഷന്‍ ഓഫിസര്‍ പി എം അസ്മിതയും വിശദീകരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ പി അബ്ദുല്‍ ഖാദര്‍ മോഡറേറ്ററായിരുന്നു. അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ പി ജിനീഷ്, സുല്‍ത്താന്‍ ബത്തേരി പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എന്‍ എ സതീഷ് സംസാരിച്ചു.

RELATED STORIES

Share it
Top