കുട്ടികള്‍ക്കുള്ള കലാപരിപാടികളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ടെലിവിഷന്‍ ചാനലുകളില്‍ റിയാലിറ്റി ഷോകളിലും മറ്റു പരിപാടികളിലും കുട്ടികളെ പങ്കെടുപ്പിക്കുമ്പോള്‍  ചാനല്‍ അധികാരികള്‍ കൈക്കൊള്ളേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
റിയാലിറ്റി ഷോയിലാണു കുട്ടി പങ്കെടുക്കുന്നതെങ്കില്‍ മല്‍സരത്തിന്റെ ഒരു ഘട്ടത്തില്‍ കുട്ടി പുറത്താവുന്ന സാഹചര്യമുണ്ടായാല്‍ കുട്ടിയുടെ ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയിലുള്ള വിലയിരുത്തലുകള്‍ നടത്താതിരിക്കാന്‍ വിധികര്‍ത്താവ് ശ്രദ്ധിക്കണം.
കുട്ടിയുടെ പഠനം 10 ദിവസത്തിലധികം മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കണം കുട്ടികളുടെ ഷൂട്ടിങ് സാഹചര്യങ്ങള്‍ ഒരുക്കേണ്ടത്. കുട്ടികള്‍ക്ക് അനുയോജ്യമായ മേക്കപ്പ് ആയിരിക്കണം ഉപയോഗിക്കേണ്ടത്.
അവകാശങ്ങള്‍ നിഷേധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍,ലൈംഗികാതിക്രമങ്ങള്‍ ഉണ്ടാവുന്നില്ല എന്ന് ഉറപ്പുവരുത്തണം. ഒരു ദിവസം ഒരു കുട്ടിയെ അഞ്ചു മണിക്കൂറില്‍ കൂടുതല്‍ കലാപരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കരുത്. തുടര്‍ച്ചയായി മൂന്നു മണിക്കൂറിലധികവും പങ്കെടുപ്പിക്കരുത്. കുട്ടിയുടെ ഇംഗിതത്തിനെതിരായി നിര്‍ബന്ധപൂര്‍വം പരിപാടികള്‍ അവതരിപ്പിക്കാന്‍ പാടില്ല. ഈ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചുവേണം കുട്ടികളെ ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ എന്ന വ്യവസ്ഥാ നടപടികള്‍ ജില്ലാ കലക്ടര്‍മാരും ജില്ലാ ലേബര്‍ ഓഫിസര്‍മാരും കൈക്കൊള്ളണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.

RELATED STORIES

Share it
Top