കുട്ടികള്‍ക്കിടയില്‍ കുഷ്ഠരോഗം വര്‍ധിക്കുന്നു: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കുഷ്ഠരോഗവും അതുമൂലമുള്ള വൈകല്യങ്ങളും റിപോര്‍ട്ട് ചെയ്യുന്നതായി മന്ത്രി കെ കെ ശൈലജ. രോഗം സ്ഥിരീകരിച്ചവരില്‍ 8.6 ശതമാനം കുട്ടികളാണെന്നും രോഗബാധിതരായ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്നും മന്ത്രി പറഞ്ഞു.
2015-16ല്‍ മുന്‍വര്‍ഷത്തെക്കാള്‍ 6.9 ശതമാനം കുട്ടികളിലാണ് കൂടുതലായി രോഗബാധ കണ്ടെത്തിയത്, 2017-18ല്‍ ഇത് 9.4 ആയി ഉയര്‍ന്നു. രോഗത്തിനു ഫലപ്രദമായ ചികില്‍സ കേരളത്തില്‍ ലഭ്യമാണ്. രോഗബാധ കൂടുതലായി കാണുന്ന ജില്ലകളില്‍ ഡിസംബര്‍ 5 മുതല്‍ രണ്ടാഴ്ച ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളില്‍ രോഗനിര്‍ണയ കാംപയിന്‍ നടത്തും.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കാംപയിന്‍. ഒരു പുരുഷ വോളന്റിയറും ഒരു വനിതാ വോളന്റിയറും ഉള്‍പ്പെടുന്നതാകും സംഘം.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിലെ വൈകല്യത്തോടുകൂടിയ കുഷ്ഠരോഗം റിപോര്‍ട്ട് ചെയ്യപ്പെട്ട ബ്ലോക്കുകളിലെ രോഗബാധിതരുടെ താമസസ്ഥലത്തിനു ചുറ്റുമുള്ള 300 വീടുകള്‍ സന്ദര്‍ശിച്ച് ഫോക്കസ്ഡ് ലെപ്രസി കാംപയിനും ഇതേ കാലയളവില്‍ നടക്കും.
കേരളത്തില്‍ ചികില്‍സ ലഭിക്കാത്ത ധാരാളം കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടാതെയുണ്ട്. രോഗം ബാധിച്ച് ചികില്‍സ തേടാത്ത വ്യക്തിയില്‍ നിന്നു വായു വഴിയാണ് കുഷ്ഠരോഗം പകരുന്നത്. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചതിനു ശേഷം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ മൂന്നുമുതല്‍ അഞ്ചു വര്‍ഷം വരെയെടുക്കും.
കുഷ്ഠരോഗത്തിന്റെ ഭാഗമായി വൈകല്യങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ മാത്രം ചികില്‍സ തേടുന്ന സമീപനം മാറ്റണം. കുഷ്ഠരോഗ നിര്‍ണയ കാംപയിന്റെ ലക്ഷ്യം ഒളിഞ്ഞിരിക്കുന്ന രോഗികളെ കണ്ടുപിടിച്ചു ചികില്‍സ നല്‍കുകയാണെന്നും മന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ദേശീയ ആരോഗ്യ മിഷന്‍ കേരള ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍എല്‍ സരിത, സ്റ്റേറ്റ് ലെപ്രസി ഓഫിസര്‍ ഡോ. പത്മലത സംബന്ധിച്ചു.

RELATED STORIES

Share it
Top