കുട്ടികളെ ബലാല്‍സംഗം ചെയ്താല്‍ വധശിക്ഷ: ബില്ല് പാസാക്കി

ന്യൂഡല്‍ഹി: 12 വയസ്സിനു താഴെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്താല്‍ വധശിക്ഷ നല്‍കുന്നതിനുള്ള ബില്ല് ലോക്‌സഭ പാസാക്കി. ക്രിമിനല്‍ നിയമ (ഭേദഗതി) ബില്ല് 2018 ആണ് സഭ പരിഗണിച്ചത്.
ഭേദഗതിപ്രകാരം 16 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കെതിരായ പീഡനക്കേസുകളില്‍ കുറഞ്ഞ ശിക്ഷ 20 വര്‍ഷം കഠിനതടവാക്കി. ഇതിനായി ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 376 എബി എന്ന പുതിയ വകുപ്പ് കൂട്ടിച്ചേര്‍ക്കും. ശബ്ദവോട്ടോടു കൂടിയാണ് സഭയില്‍ ബില്ല് പാസാക്കിയത്. വധശിക്ഷയോ ജീവപര്യന്തമോ ആണ് ഇത്തരം കേസുകളില്‍ കൂടിയ ശിക്ഷ.
ബലാല്‍സംഗക്കേസുകളിലെ കുറഞ്ഞ ശിക്ഷ ഏഴുവര്‍ഷം കഠിനതടവില്‍ നിന്ന് 10 വര്‍ഷമാക്കി. 16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചാല്‍ ലഭിക്കുന്ന ശിക്ഷ പത്തില്‍ നിന്ന് 20 വര്‍ഷം തടവാക്കി. 16 വയസ്സിന് താഴെയുള്ള കുട്ടികളെ കൂട്ട ബലാല്‍സംഗം ചെയ്താല്‍ ജീവപര്യന്തം തടവ് ലഭിക്കും. അതേസമയം, 12 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്താല്‍ ചുരുങ്ങിയത് 20 വര്‍ഷം തടവാണ് ലഭിക്കുക; ജീവപര്യന്തവും ലഭിക്കും. ഏറ്റവും കൂടിയത് വധശിക്ഷയും.
ബലാല്‍സംഗക്കേസുകള്‍ പുനര്‍വിചാരണയ്ക്ക് ആറു മാസത്തെ പരിധി അനുവദിച്ചിട്ടുണ്ട്. 16 വയസ്സിനു താഴെയുള്ള കുട്ടികളെ പീഡിപ്പിച്ച കേസുകളില്‍ മുന്‍കൂര്‍ജാമ്യം അനുവദിക്കില്ല. വിചാരണ രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും ബില്ലില്‍ നിര്‍ദേശിക്കുന്നു.

RELATED STORIES

Share it
Top