കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ

ന്യൂഡല്‍ഹി:  കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനായി കുട്ടികളെ ലൈംഗിക പീഡനങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതിനുള്ള നിയമത്തില്‍ (പോക്‌സോ) ഭേദഗതി വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കി.
ജമ്മു കശ്മീരിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ പോലിസുകാരും ക്ഷേത്ര പൂജാരിയും പ്രായപൂര്‍ത്തിയാവാത്ത ഒരാളുമടക്കം എട്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര വനിതാ, ശിശു വികസന മന്ത്രാലയ ഡെപ്യൂട്ടി സെക്രട്ടറി അനന്ദ് പ്രകാശാണ് മന്ത്രാലയത്തിന്റെ നിലപാട് അഡീഷനല്‍ സൊളിസിറ്റര്‍ ജനറല്‍ പി എസ് നരസിംഹ മുഖേന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുമ്പാകെ അറിയിച്ചത്.
12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നേരെ നടക്കുന്ന ബലാല്‍സംഗ കുറ്റങ്ങള്‍ക്ക് വധശിക്ഷ നല്‍കുമെന്നും ഇതിനായി 2012ലെ പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്തുമെന്നുമാണ് വനിതാ ശിശുക്ഷേമമന്ത്രാലയം  കോടതിയില്‍ വ്യക്തമാക്കിയത്.
സുപ്രിംകോടതി അഭിഭാഷകയായ അലഖ് അലോക് ശ്രീവാസ്തവ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ പഴയ നിലപാടില്‍ മാറ്റം വരുത്തിയത്. കുട്ടികള്‍ക്ക് നേരെ നടക്കുന്ന ബലാല്‍സംഗ കേസുകളില്‍ വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അലഖ് അലോക് ഹരജി നല്‍കിയിരിക്കുന്നത്. എന്നാല്‍, ഈ ഹരജിയില്‍ നേരത്തെ വാദം കേട്ട സമയത്ത് വധശിക്ഷ എല്ലാ കാര്യത്തിനും ഒരു മറുപടിയല്ല എന്ന നിലപാടായിരുന്നു കേന്ദ്ര സര്‍ക്കാര്‍ എടുത്തിരുന്നത്.
ജനുവരിയില്‍ ഉത്തര പശ്ചിമ ഡല്‍ഹിയിലെ ശാഖുര്‍ബസ്തിയില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞ് ബലാല്‍സംഗത്തിനിരയായ പശ്ചാത്തലത്തിലാണ് അലഖ് അലോക് ശ്രീവാസ്തവ സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തിരുന്നത്.

RELATED STORIES

Share it
Top