കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ; ബില്ല് പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: 12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കു വധശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ശുപാര്‍ശ ചെയ്യുന്ന ബില്ല് പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ അവതരിപ്പിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
2018ല്‍ പാര്‍ലമെന്റ് ക്രിമിനല്‍ നിയമം ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അനുമതി തേടിയിരുന്നു. കശ്മീരിലെ കഠ്‌വ പീഡനത്തെ തുടര്‍ന്നും ഉത്തര്‍പ്രദേശ് ഉന്നാവോയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടപ്പോഴുമുള്ള പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഏപ്രില്‍ 21നാണു നിയമം നിര്‍മിക്കുന്ന കാര്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയ കാര്യം നിയമനിര്‍മാണ മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. പിഞ്ചുകുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കു കഠിനശിക്ഷ നല്‍കുന്നതാണു ബില്ല്.
12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കു വധശിക്ഷ നല്‍കുന്നതു ബില്ലിലുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നവരുടെ ശിക്ഷാ കാലാവധി ഏഴു വര്‍ഷമാണ്. ഇതു 10 വര്‍ഷമോ, ജീവിതകാലം വരെയോ നീട്ടാമെന്നാണു പുതിയ ഭേദഗതിയില്‍. 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കു ജയില്‍ശിക്ഷ 10 വര്‍ഷത്തില്‍ നിന്ന് 20 വര്‍ഷമാക്കി ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നു. ഇത് മരണം വരെ തടവുമായി വര്‍ധിപ്പിക്കാവുന്നതാണ്.

RELATED STORIES

Share it
Top