കുട്ടികളെ പിടിക്കാനെത്തിയെന്ന് സംശയം;കൈനോട്ടക്കാരിയെ നാട്ടുകാര്‍ തടഞ്ഞു

ആലത്തൂര്‍: സാമൂഹ്യ മാധ്യമങ്ങളില്‍ കുട്ടികളെ പിടികൂടുന്നുവെന്ന വ്യാജ പ്രചാരണം നടക്കുന്നതിനിടെ തോണിപ്പാടത്ത് സ്ത്രീയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. ഇന്നലെ ഉച്ചയക്ക് 12.30ന് തോണിപ്പാടം കരിങ്കുളരങ്ങരയിലാണ് സംഭവം. സമൂഹിക മാധ്യമങ്ങളില്‍ അതിവേഗം പ്രചാരം നടക്കുന്ന കുട്ടികളെ തട്ടികൊണ്ടു പോകുന്നെന്ന സന്ദേശം ഇതര സംസ്ഥാന തൊഴിലാളികളെയും കച്ചവടക്കാരെയും സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്. കൈനോട്ടം തൊഴിലാക്കി നടക്കുന്ന മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ മുണ്ടക്കുന്ന് ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന മധ്യവയസ്‌കയെയാണ് നാട്ടുകാര്‍ സംശയത്തിന്റെ പേരില്‍ തടഞ്ഞുവെച്ചത്. തുണി സഞ്ചിയും തമിഴ് കലര്‍ന്ന മലയാളവും സംസാരിച്ച് വീടുകള്‍ കയറിയിറങ്ങിയപ്പോള്‍ നാട്ടുകാര്‍ക്ക് സംശയുമുണ്ടായി. ഇതേ തുടര്‍ന്ന് സംഘടിച്ചെത്തിയ പ്രദേശവാസികളാണ് സ്ത്രീയെ തടഞ്ഞുവെച്ച് ആലത്തൂര്‍ പോലിസില്‍ വിവരമറിയിച്ചത്. പോലിസെത്തി സ്ത്രീയെ സ്‌റ്റേഷനില്‍ കൊണ്ടുവന്നു. സ്ത്രീയുടെ അമ്മയേയും സഹോദരങ്ങളെയും വിളിച്ചുവരുത്തി അന്വേഷണത്തെ തുടര്‍ന്ന് ഇവരെ വിട്ടയച്ചു. ഇവരുടെ അമ്മയുടെ വീട് ചിറ്റൂര്‍ നല്ലേപ്പിള്ളിയിലാണെന്നും പോലിസ് പറഞ്ഞു. ചിറ്റൂര്‍, മണ്ണാര്‍ക്കാട് പോലിസ് സ്‌റ്റേഷനുകളില്‍ അന്വേഷിച്ചാണ്  ഇവരെ വിട്ടയച്ചത്. ഇതിനിടെ സ്ത്രീയുടെ ചിത്രങ്ങള്‍ വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. വ്യാജ വാര്‍ത്തയും, ചിത്രവും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആലത്തൂര്‍ പോലസ് പറഞ്ഞു. ജനങ്ങള്‍ നിയമം കൈയ്യിലെടുക്കുന്നത് ഒഴിവാക്കണമെന്നും സിഐ കെ എ എലിസബത്ത് പറഞ്ഞു.

RELATED STORIES

Share it
Top