കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നെന്ന പ്രചാരണത്തില്‍ ആശങ്ക വേണ്ട:മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടികളെ തട്ടിക്കൊണ്ടുപോവാന്‍ ഭിക്ഷാടനസംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയെന്ന നവമാധ്യമങ്ങളിലെ പ്രചാരണങ്ങളില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ ജാഗ്രതപുലര്‍ത്താന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പൂര്‍ണമായും ദൂരീകരിക്കാന്‍ പട്രോളിങ് ശക്തമാക്കാനും ഭിഷാടനസംഘങ്ങളെ നിരീക്ഷിക്കാനും പോലിസിനു നിര്‍ദേശം നല്‍കി. ജനമൈത്രി പോലിസ് സംവിധാനം ശക്തിപ്പെടുത്തി പ്രാദേശിക വിവരശേഖരണം കാര്യക്ഷമമാക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഫേസ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രി അറിയിച്ചു. സംശയകരമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ പോലിസിനെ അറിയിക്കുകയാണു വേണ്ടത്. മറിച്ച് സംശയത്തിന്റെ പേരില്‍ മാത്രം ഒരാളെ പിടികൂടി മര്‍ദിക്കുകയും അത് മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് പരിഷ്‌കൃതസമൂഹത്തിനു ചേര്‍ന്നതല്ല. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലും മറ്റും സംശയത്തിന്റെ പേരില്‍ മാത്രം ഇത്തരം സംഭവങ്ങള്‍ ഉണ്ടായി. തെറ്റായ പ്രവണതകളിലേക്ക് സമൂഹത്തെ നയിക്കാന്‍ മാത്രമേ ഇത് ഉപകരിക്കൂ.സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ചിലര്‍ ബോധപൂര്‍വം ഇത്തരം സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏ ര്‍പ്പെടുന്നുണ്ടോയെന്നും സംശയിക്കണം. പ്രാദേശിക ഭരണസംവിധാനങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ ജാഗ്രതപുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top