കുട്ടികളെ തട്ടിക്കൊണ്ടുപോവല്‍; ഭൂരിഭാഗവും വ്യാജപ്രചാരണം

പൊന്നാനി: പേടിപ്പെടുത്തുന്ന സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞതോടെ സാധാരണക്കാര്‍ പരിഭ്രാന്തിയില്‍. കുട്ടികളെ തട്ടിക്കൊണ്ടുപോയി കണ്ണും കരളും ചൂഴ്‌ന്നെടുക്കുന്നുണ്ട്, സൂക്ഷിക്കണം എന്ന പേരിലാണ് സന്ദേശങ്ങളും ശബ്ദരേഖകളും തുടങ്ങുന്നത്. ഇതരസംസ്ഥാനങ്ങളിലും രാജ്യങ്ങളിലും മറ്റും വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന സംഭവങ്ങളുടെ വീഡിയോ ക്ലിപ്പുകളും ഹോളിവുഡ് സിനിമകളുടെ രംഗങ്ങളും വരെ ഉപയോഗിച്ചാണു പ്രചാരണം തകര്‍ക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ വിശ്വസിച്ച് കഴിഞ്ഞ ദിവസം പൊന്നാനിയില്‍ രണ്ടു യാചകരെ, പിതാവിനെയും മകനെയും, നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. സ്റ്റിക്കര്‍ പതിച്ച് അടയാളപ്പെടുത്തി സ്ത്രീകള്‍ മാത്രമുള്ള വീടുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘങ്ങള്‍ സജീവമായെന്ന വാര്‍ത്തകളും സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഭിക്ഷക്കാരാണ് കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നതെന്നും ഭിക്ഷാടനം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് പല പ്രദേശങ്ങളിലും സോഷ്യല്‍ മീഡിയ കൂട്ടായ്മകളും രൂപപ്പെട്ടിരിക്കുന്നു. കേരളത്തില്‍ ആയിരക്കണക്കിനു കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയതെന്നും കുട്ടികളുടെ വൃക്ക അടക്കമുള്ള അവയവങ്ങളെടുത്തു വില്‍ക്കുന്ന ഭിക്ഷാടനസംഘങ്ങള്‍ സജീവമാണെന്നുമുള്ള ക്ലിപ്പുകള്‍ വരെ സോഷ്യല്‍ മീഡിയ വഴി എത്തുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കുന്നു. ഇത്തരം പരിഭ്രാന്തികളാണ് ഒടുവില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ അവസാനിക്കുന്നത്. അടുത്തകാലത്തൊന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയതായി സ്ഥിരീകരിച്ച റിപോര്‍ട്ടുകള്‍ ഇല്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. എങ്കിലും അടുത്തിടെ പോലിസ് കോടതിക്ക് നല്‍കിയ മിസിങ് കേസുകളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകളും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നു.കഴിഞ്ഞയാഴ്ച പെരുമ്പടപ്പ് സ്‌റ്റേഷന്‍ പരിധിയില്‍ ഏതാനും വീടുകളിലെ ജനല്‍ച്ചില്ലുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ കണ്ടതും പരിഭ്രാന്തിക്ക് ഇടവരുത്തിയിരുന്നു. പോലിസ് നടത്തിയ പരിശോധനയില്‍ സംഭവത്തില്‍ ദുരൂഹത ഒന്നും കണ്ടെത്തിയില്ലെന്നാണു വിശദീകരണം. പൊതുജനങ്ങളില്‍ ചിലര്‍ ഭിക്ഷാടകര്‍ക്കെതിരേ പ്രചാരണവുമായി രംഗത്തുണ്ട്. ചില പഞ്ചായത്തുകളും വാര്‍ഡുകളും യാചക നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുമുണ്ട്.പൊന്നാനിയില്‍ പല വാര്‍ഡുകളും യാചന നിരോധിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നുവെന്നതരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ മിക്കതും നുണകളാെണന്ന് പോലിസ് പറയുന്നു. പലയിടങ്ങളിലും ഇതിന്റെ പേരില്‍ ഇതരസംസ്ഥാനക്കാരെ കൈയേറ്റം ചെയ്യുന്നുണ്ട്. അവര്‍ കൃത്യമായി പോലിസില്‍ പരാതി നല്‍കാന്‍പോലും മടിക്കുകയാണ്. ഭീതിജനിപ്പിക്കുന്ന വാര്‍ത്തകളും മുന്നറിയിപ്പുകളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതുസംബന്ധമായി ക്രൈംഡിറ്റാച്ച്‌മെന്റില്‍ അന്വേഷണം നടത്തിയപ്പോള്‍ അങ്ങനെ പരാതി ലഭിച്ചില്ലെന്നായിരുന്നു മറുപടി. രണ്ടുമൂന്നു പരാതികള്‍ ലഭിച്ചിരുന്നുവെന്നും അവ കുട്ടികള്‍ സ്വയം മെനഞ്ഞെടുത്ത കഥകളാണെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടെന്നുള്ള വിശദീകരണമാണു ലഭിച്ചത്.

RELATED STORIES

Share it
Top