കുട്ടികളെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമമെന്ന്; പൊന്നാനിയില്‍ വൃദ്ധന്് ക്രൂര മര്‍ദനം

പൊന്നാനി: കുട്ടികളെ തട്ടിക്കൊണ്ടുപോവാന്‍ വന്നവരെന്ന് ആരോപിച്ച് നിരപരാധിയായ യാചക വൃദ്ധന്് പൊന്നാനിയില്‍ ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദനം. മറ്റൊരു യാചക സ്ത്രീയേയും കടല്‍ കാണാനെത്തിയ അച്ഛനേയും മകനേയും ആള്‍ക്കൂട്ടം ആക്രമിച്ചു. പൊന്നാനി നഴ്‌സിങ് ഹോമിനടുത്ത് ഇന്നലെ രാവിലെ പത്തോടെയാണ് ഈ ക്രൂരത നടന്നത്. മാനസിക നില തെറ്റിയ വൃദ്ധനായ യാചകനെ ആള്‍ക്കൂട്ടം നിലത്തിട്ട് ചവിട്ടുകയും നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിക്കുകയുമാായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോവാന്‍ വന്നയാളാണെന്ന് പറഞ്ഞായിരുന്നു ആന്ധ്രാ സ്വദേശിയായ ഇദ്ദേഹത്തെമര്‍ദ്ദിച്ചത്. ഇയാളില്‍നിന്ന് ക്ലോറോഫോമും മിഠായിയും കിട്ടിയെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. പോലിസ് അന്വേഷണത്തില്‍ ഇത് നുണയാണെന്ന് തെളിഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായി സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് നാട്ടുകാര്‍ പ്രകോപിതരാവാന്‍ കാരണം. ഇയാളെ മര്‍ദ്ദിക്കുന്നുവെന്ന വിവരം ലഭിച്ച് സ്ഥലത്തെത്തിയ പോലിസ് ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പോലിസിനെതിരെയും തിരിഞ്ഞു. രണ്ടു പോലിസുകാര്‍ക്കും നാട്ടുകാരുടെ മര്‍ദ്ദനമേറ്റു. ഇതോടെ കൂടുതല്‍ പോലിസ് സ്ഥലത്തെത്തി ലാത്തി വീശിയാണ് അക്രമികളെ തുരത്തിയത്. ബോധം നഷ്ടപ്പെട്ട വൃദ്ധനെ പോലിസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുക്കുകയും കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു. ഇതിനുപുറമെ ഇന്നലെ രാവിലെ 7ന് മരക്കടവില്‍ യാചന നടത്തിയ കര്‍ണാടക സ്വദേശിയായ സ്ത്രീയെയും നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലിസിലേല്‍പ്പിച്ചിരുന്നു. പോലിസ് നടത്തിയ ചോദ്യംചെയ്യലില്‍ ഇവര്‍ യാചക മാത്രമാണെന്നാണ് ലഭിച്ച വിവരം. ഇന്നലെ പൊന്നാനി ബീച്ചിലെത്തിയ അച്ഛനെയും മകനെയും നാട്ടുകാരില്‍ ചിലര്‍ മര്‍ദ്ദിച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുവന്നുവെന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചത്. ഇവര്‍ പെരുമ്പടപ്പ് സ്വദേശികളാണ്. പൊന്നാനി മണ്ഡലത്തിന്റെ ചിലയിടങ്ങളില്‍ യാചന നിരോധിച്ചിട്ടുണ്ട്്. ഇതിന്റെ മറവില്‍ നിരപരാധികളെ ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നും ആരോപണമുണ്ട്.

RELATED STORIES

Share it
Top